
ന്യൂഡൽഹി: ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം വർദ്ധിച്ചുവരികയാണെന്നും കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ജയം അതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസാമിലെ കാലിയാബോറിൽ 6,950 കോടി രൂപയുടെ കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാമിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമിട്ടു. ഒന്നര വർഷത്തിനിടെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം വർദ്ധിച്ചു. രാജ്യം പാർട്ടിയെ ആദ്യ ചോയ്സായി കാണുന്നു. കുറച്ചുദിവസം മുമ്പ് കേരളത്തിലെ ജനം ബി.ജെ.പിക്ക് വലിയ പിന്തുണ നൽകി. തിരുവനന്തപുരത്ത് ആദ്യമായി മേയർ സ്ഥാനം നേടി. പുരോഗതിക്കും പൈതൃകത്തിനും പ്രാധാന്യം നൽകുന്ന നല്ല ഭരണവും വികസനവും ആഗ്രഹിക്കുന്ന വോട്ടർമാരാണ് തങ്ങളെ തിരഞ്ഞെടുക്കുന്നത്. സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു.
ബീഹാർ തിരഞ്ഞെടുപ്പിൽ, 20 വർഷത്തിന് ശേഷവും ജനം തങ്ങളെ തിരഞ്ഞെടുത്തു. മഹാരാഷ്‌ട്രയിൽ മുംബയ് അടക്കം കോർപ്പറേഷനുകളിൽ ബി.ജെ.പിക്ക് റെക്കാഡ് വിജയമുണ്ടായി. കോൺഗ്രസിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ ജനം നിരന്തരം തള്ളിക്കളയുന്നു. കൃത്യമായ വികസന അജൻഡകളില്ലാത്തതിനാൽ പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും മോദി പറഞ്ഞു.
90 കിലോമീറ്റർ ദൈർഘ്യമുള്ള കാലിയാബോർ-നുമാലിഗഡ് ഇടനാഴിയിൽ 35 കിലോമീറ്റർ ഉയരമുള്ള വന്യജീവി ഇടനാഴിയാണ്. വാഹനങ്ങൾ മുകളിലൂടെ പോകുമ്പോൾ താഴെ വന്യജീവികളുടെ സഞ്ചാരം തടസപ്പെടില്ല. അസാം, ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ മോദി ഫ്ളാഗ് ഓഫ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |