ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യംതേടി സുപ്രീംകോടതിയിൽ. ആരോഗ്യപ്രശ്നങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
നടൻ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തേ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കാട്, എംഎസ് വിഷ്ണുശങ്കർ ചിതറ എന്നിവരാണ് സുനിക്കുവേണ്ടി ഹർജി സമർപ്പിച്ചത്. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.
തുടർച്ചയായി ജാമ്യഹർജി ഫയൽചെയ്തതിന് ഹൈക്കോടി സുനിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് സുനി വീണ്ടും ഹർജി നൽകിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽചെയ്യാൻ ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഏഴുവർഷത്തോളമായി ജയിലിൽ കഴിയുന്ന സുനി ഹൈക്കോടതിയിൽ മാത്രം പത്തുതവണയാണ് ജാമ്യഹർജി നൽകിയത്. രണ്ട് തവണ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വർഷങ്ങളായി ജയിലിൽ കഴിയുകയാണെങ്കിലും ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല സുനി ജാമ്യ ഹർജികൾ ഫയൽ ചെയ്യുന്നതെന്നും സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണെന്നും ചൂണ്ടിക്കാട്ടിയശേഷമാണ് പ്രതിക്ക് പിന്നിൽ ആരോ ഉണ്ടെന്നുള്ള പരാമർശം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |