ന്യൂഡൽഹി: രക്ത രൂക്ഷിതമായ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ളാദേശിൽ നിന്ന് നാടുവിട്ടോടി തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോഴും നമ്മുടെ രാജ്യത്ത് തുടരുകയാണ്. ഹസീന ഇന്ത്യൻ സേനയുടെ കേന്ദ്രത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അധികാരമില്ലാത്ത വെറും ഒരു സാധാരണക്കാരിയായാണ് ഇന്ത്യയിലേക്ക് ഷെയ്ഖ് ഹസീന എത്തിയതെങ്കിലും അവർ വന്ന വിമാനത്തിന് റാഫേൽ വിമാനങ്ങൾ സുരക്ഷയൊരുക്കിയിരുന്നു.
ഇന്ത്യയുമായി ഷെയ്ഖ് ഹസീനയ്ക്കുള്ള ദീർഘനാളത്തെ നല്ല ബന്ധമായിരുന്നു ഇതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഷെയ്ഖ് ഹസീനയ്ക്ക് നല്ല ബന്ധമാണ്. മോദി പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ എത്തിയ രാഷ്ട്ര നേതാക്കളിൽ ഒരാൾ ഹസീന ആയിരുന്നു. ഇത്രയും നല്ല ബന്ധമായിരുന്നിട്ടും ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിൽക്കാതെ എന്തിനാണ് ബ്രിട്ടണിൽ രാഷ്ട്രീയ അഭയം തേടാൻ ശ്രമിക്കുന്നത്?. അതിനുള്ള ചില കാരണങ്ങൾ പരിശോധിക്കാം.
സഹോദരിയുടെ മകൾ
സഹാേദരി ഷെയ്ഖ് റെഹാനയും ഹസീനയ്‌ക്കൊപ്പം ഇന്ത്യയിലുണ്ട്. ഉരുക്കുവനിത എന്ന ലേബലിൽ ഹസീന ഭരണം നടത്തുമ്പോഴും പിന്നണിയിൽ പ്രവർത്തിച്ചത് ഷെയ്ഖ് റെഹാനയാണെന്നാണ് റിപ്പോർട്ടുകൾ. പല കാര്യങ്ങളിലും ഹസീനയ്ക്ക് ബുദ്ധി ഉപദേശിച്ചിരുന്നത് റെഹാനയായിരുന്നത്രേ.
എന്നാൽ ഒരിക്കലും അവർ അരങ്ങത്തേക്ക് വരാൻ താൽപ്പര്യപ്പെട്ടിരുന്നില്ല. എളിമയോടെ ജീവിക്കാനാണ് അവർ എപ്പാേഴും ആഗ്രഹിച്ചിരുന്നത്. ആഡംബരങ്ങളോടും അലർജിയായിരുന്നു. റെഹാനയുടെ മകൾ തുലിപ് സിദ്ധിഖ് ബിട്ടീഷ് പാർലമെന്റ് അംഗമാണ്. മാത്രമല്ല ബ്രിട്ടണിലെ കെയർ സ്റ്റാർമർ സർക്കാരിലെ ജൂനിയർ മന്ത്രിയുമാണ്. കഴിഞ്ഞമാസമാണ് തുലിപ് മന്ത്രിയായി നിയമിതയായത്. സാമ്പത്തിക സേവനങ്ങളുടെ മേൽനോട്ടമാണ് വഹിക്കുന്നത്. 2021 മുതൽ ലേബർ പാർട്ടിയുടെ സാമ്പത്തിക നയ രൂപീകരണത്തിൽ പ്രധാന പങ്കാളിയാണ് തുലിപ്. ഇതിനുളള പ്രതിഫലമായിരുന്നു മന്ത്രിസ്ഥാനം.
അതിനാൽത്തന്നെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിൽ നിർണായക സ്വാധീനം ചെലുത്താൻ തുലിപിന് കഴിവുണ്ട്. ആ സ്വാധീനത്തിന്റെ ഫലമായി ബ്രിട്ടണിൽ തങ്ങൾ കൂടുതൽ സുരക്ഷിതരാകും എന്നാണ് ഷെയ്ഖ് ഹസീന കരുതുന്നത്. ഭരണത്തിലിരുന്നപ്പോൾ ബ്രിട്ടണുമായി നല്ലബന്ധം കാത്തുസൂക്ഷിച്ചതും ഹസീനയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
പ്രവാസ കേന്ദ്രം
ഒരു പ്രവാസ കേന്ദ്രം എന്നനിലയിലാണ് ബ്രിട്ടൺ അറിയപ്പെടുന്നത്. സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട നിരവധി മുൻ രാഷ്ട്രത്തലവന്മാർക്ക് സുരക്ഷിതമായ അഭയം നൽകിയ ചരിത്രം ബ്രിട്ടനുണ്ട്. ഇത്തരക്കാർക്ക് സുരക്ഷിതമായി കഴിയാൻ അവസരമൊരുക്കുന്നതാണ് ബ്രിട്ടണിലെ നിയമവും. അവിടെ അഭയം ലഭിച്ചാൽ ശത്രുക്കളിൽ നിന്നുള്ള ഭീതികൂടാതെ ശേഷിക്കുന്ന കാലം കഴിയാം എന്നതും പറ്റുമെങ്കിൽ അവിടെയിരുന്നുകൊണ്ട് ബംഗ്ളാദേശിലെ തന്റെ പാർട്ടിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കാം എന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ അത്തരത്തിലൊരു തിരിച്ചുവരവ് എഴുപതുകടന്ന ഹസീനയ്ക്ക് എളുപ്പമല്ല.
അമേരിക്ക വേണ്ട
ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസേദിന്റെ ഭാര്യ ക്രിസ്റ്റീൻ ആൻ ഓവർമറെ അമേരിക്കക്കാരിയാണ്. വിർജീനയിലാണ് ഇവർ താമസിക്കുന്നത്. മകനും മരുമകളും ഉണ്ടെങ്കിലും അമേരിക്കയെ അഭയകേന്ദ്രമായി ഹസീന തിരഞ്ഞെടുക്കാത്തതിന് കാരണം അധികാരത്തിൽ ഇരുന്നപ്പോൾ ബൈഡൻ ഭരണകൂടവുമായുണ്ടായ പ്രശ്നങ്ങളാണ്. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബൈഡൻ സർക്കാർ ശ്രമിക്കുന്നു എന്ന് ഹസീന ആരോപിച്ചിരുന്നു. സർക്കാരിനെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അമേരിക്ക വിമർശിച്ചിരുന്നു. ഇതാണ് ഹസീനയെ ചൊടിപ്പിച്ചത്.
എന്തുകൊണ്ട് ഇന്ത്യയെ വേണ്ട?
ഭൂമിശാസ്ത്രപരമായ അടുപ്പവും ചരിത്രപരമായ ബന്ധവും ബംഗ്ളാദേശിന് ഇന്ത്യയുമായി ഉണ്ട്. ആ രാജ്യത്തിന്റെ പിറവിക്ക് കാരണക്കാരും ഇന്ത്യയായിരുന്നു. അങ്ങനെയുള്ള ഇന്ത്യയെ പിന്നെ എന്തുകൊണ്ടാണ് ഹസീന അഭയസ്ഥാനമായി തിരഞ്ഞെടുത്തില്ല എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഭീതിയാണ്. ബംഗ്ളാദേശിൽ പ്രതിപക്ഷം ഉൾപ്പടെയുളള പലരുടെയും നോട്ടപ്പുള്ളിയാണ് ഷെയ്ഖ് ഹസീന. എതിരാളികളെ ഇല്ലാതാക്കാൻ ഹസീന ഒരു മടിയും കാണിച്ചിരുന്നില്ല. ഇതിന് തിരിച്ചടി ഉണ്ടാകുമെന്ന് അവർക്ക് നന്നായി അറിയാം. പ്രത്യേകിച്ചും അധികാരം ഇല്ലാതിരിക്കെ. ബംഗ്ളാദേശ് ഇന്ത്യയുടെ അയൽ രാജ്യമായതിനാൽ തന്റെ ജീവന് അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് ഹസീന ഭയക്കുന്നുണ്ട്.
ആ ആരോപണവും കേൾക്കേണ്ടിവരും
അടുത്ത സുഹൃത്താണെങ്കിലും ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ ഇന്ത്യയും മടിക്കുകയാണ്. ഹസീനയ്ക്ക് ഇന്ത്യ നൽകുന്ന ഏതൊരു പിന്തുണയും ബംഗ്ളാദേശിലെ പുതിയ സർക്കാരിന്റെ അപ്രിയത്തിന് ഇടയാക്കിയേക്കും. ഒരു രാജ്യത്തെ തകർക്കാനും അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്ത ഒരാൾക്ക് പിന്തുണ നൽകുന്നു, ഒരു പക്ഷത്തിനാെപ്പം മാത്രം നിൽക്കുന്നു എന്നുളള ദുഷ്പേരും കേൾക്കേണ്ടിവരും. ചൈനയും പാകിസ്ഥാനും ഇതിന് ആക്കം കൂട്ടുകയും ചെയ്യും.
ഹസീനയ്ക്ക് ദീർഘകാലം അഭയം നൽകുന്നത് ബംഗ്ളാദേശിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ പ്രകോപനത്തിന് ഇടയാക്കിയേക്കുമെന്നും ഇന്ത്യയ്ക്ക് ഭീതിയുണ്ട്. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനുമായി ചേർന്ന് ഭീകരാക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടി കിട്ടുമെന്ന് അവർക്കറിയാം. അതിനാൽ ലക്ഷ്യമിടുക ബംഗ്ളാദേശിലുള്ള ഹിന്ദുക്കൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങളെയായിരിക്കും . നേരത്തേയും ബംഗ്ളാദേശിൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ക്ഷേത്രങ്ങൾ തകർത്തിരുന്നു.
ഹസീനയുടെ പുറത്താക്കലോടെ അതിർത്തിയിൽ ഇന്ത്യ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള എല്ലാ ഗതാഗത സർവീസുകൾ താൽക്കാലികമായി നിറുത്തിവച്ചതിനൊപ്പം അതിർത്തി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |