ന്യൂയോർക്കിലെ ലിബർട്ടി ഐലന്റിൽ, 'സ്റ്റാച്യു ഒഫ് ലിബർട്ടി" (സ്വാതന്ത്ര്യ പ്രതിമ) ണ്ടു മടങ്ങുമ്പോൾ ബോട്ടിൽ ഒപ്പമുണ്ടായിരുന്ന ജാപ്പനീസ് യാത്രിക ചോദിച്ചു: 'ലേഡി ലിബർട്ടി" (സ്വാതന്ത്ര്യ പ്രതിമയെ ഇങ്ങനെയും വിശേഷിപ്പിക്കും) വിഷാദവതിയായി ഇരിക്കുന്നതെന്തേ?" അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് പ്രതിമയെ വീണ്ടും തുറിച്ചുനോക്കിയപ്പോൾ എല്ലാ കോണിൽ നിന്നുമുള്ള നോട്ടത്തിലും ആ മുഖത്തൊരു വിഷാദമുണ്ടെന്നു തോന്നാതിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിനെ അനുസ്മരിച്ച് ഫ്രഞ്ച് ശില്പി ഫ്രെഡറിക് അഗസ്റ്റിൻ ബർത്തോൾഡി പ്രതിമ രൂപകല്പന ചെയ്തപ്പോൾ അങ്ങനെ ചിന്തിച്ചിരിക്കില്ല.
ഈ പ്രതിമയും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ അമേരിക്കയിലെ സ്ത്രീസമത്വവും സ്വാതന്ത്ര്യവും വെറും പ്രതിമ പോലെയാണെന്നു പറയേണ്ടി വരും. പ്രസ്താവനകൾക്കും വാചകമടികൾക്കുമപ്പുറം ഇത് പൊതുവെ പ്രാവർത്തികമാകാറില്ല. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസും ഈ വികാരം അഭിമുഖീകരിക്കേണ്ടി വരും. അതായത്, പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ അമേരിക്ക അംഗീകരിക്കുമോ എന്ന ബില്യൺ ഡോളർ ചോദ്യം . മറ്റെല്ലാ പ്രശ്നങ്ങളേക്കാളും കമല ഹാരിസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതു തന്നെയാണ്.
1872-ൽ വിക്ടോറിയ വുഡ് ഹാൾ എന്ന വനിത സ്ത്രീ സമത്വത്തിനായി പൊരുതുന്ന അന്നത്തെ ഈക്വൽ റൈറ്റ്സ് പാർട്ടി സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം മത്സരിച്ചപ്പോൾ മുതൽ ഇപ്പോൾ വരെ അമേരിക്കൻ മനസ്സ് പ്രസിഡന്റായി ഒരു വനിതയെ ഉൾക്കൊള്ളാൻ പരിപാകമായിട്ടില്ല. വിക്ടോറിയ മത്സരിക്കുമ്പോൾ സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ലായിരുന്നു.1920 ആഗസ്റ്റിലാണ് വനിതകൾക്ക് അമേരിക്കയിൽ വോട്ടവകാശം ലഭിക്കുന്നത്. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ചരിത്രം രചിച്ച കമല ഹാരിസ് പ്രസിഡന്റ് പദവിയുടെ കാര്യത്തിലും ചരിത്രം മാറ്റിയെഴുതുമോ എന്നാണ് നവംബർ അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പ് വിധിയെഴുതുക. ജീവിതത്തിൽ ഭാഗ്യത്തിന്റെ അംശം എന്നും ഒപ്പം നിന്നിട്ടുണ്ടെന്നത് കമലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട് .
നാടകീയമായ
വഴിത്തിരിവ്
അപ്രതീക്ഷിതമായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള കമല ഹാരിസിന്റെ അരങ്ങേറ്റം. പ്രസിഡന്റ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരത്തിനിറങ്ങിയ ജോ ബൈഡൻ പിൻവാങ്ങുമെന്ന് ആദ്യഘട്ടത്തിൽ ആരും സ്വപ്നേപി വിചാരിച്ചതല്ല. പ്രസിഡൻഷ്യൽ ഡിബേറ്റിൽ അടിപതറിയതാണ് ബൈഡന് വിനയായത്. പ്രായാധിക്യവും ഓർമ്മക്കുറവും അലട്ടിയിരുന്ന ബൈഡനെ വീണ്ടും പ്രസിഡന്റിന്റെ കസേരയിൽ ഇരുത്താൻ അമേരിക്കൻ ജനത തയ്യാറാവില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖർ പറയുക കൂടി ചെയ്തതോടെ ആ കസേര ആടിയുലഞ്ഞു. വീണ്ടും കൊവിഡ് വന്ന് ബൈഡൻ അവധിക്കാല വസതിയിൽ വിശ്രമിച്ചപ്പോൾ ഈ കരുനീക്കം ശക്തമാവുകയായിരുന്നു.
രണ്ട് സമ്മർദ്ദങ്ങളായിരുന്നു ബൈഡൻ നേരിട്ടത്. ഒന്ന്, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുക. രണ്ട്, അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കമലയ്ക്ക് ചുമതല നൽകുക. പാർട്ടിക്കുള്ളിൽ നിന്ന് ഭീഷണികൂടി ഉയർന്നതോടെ ബൈഡൻ സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ചു. എന്നാൽ രാജിക്ക് തയ്യാറായില്ല. പക്ഷെ, ഒരു തന്ത്രം പ്രയോഗിച്ചു- ജൂലായ് 21 ന് ഉച്ചയ്ക്ക് രാജി പ്രഖ്യാപിച്ചപ്പോൾത്തന്നെ തനിക്കു പകരം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാകും താൻ പിന്തുണയ്ക്കുകയെന്ന് പരസ്യമായി പറഞ്ഞു. രാജി വിവരം സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിക്കും മുമ്പ് ബൈഡൻ കമലയെ വിളിച്ച് ആ വിവരം പറയുകയും ചെയ്തു.
അവസരം നോക്കിയിരുന്ന മിഷേൽ ഒബാമയ്ക്കുള്ള അടിയായിരുന്നു അത്. ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിൽ വാദിക്കുന്നവർ താൻ പിന്മാറിയാൽ രംഗത്തു വരുമെന്നത് മുൻകൂട്ടി കണ്ടായിരുന്നു ഈ നീക്കം . കമലയെ പിന്തുണച്ച് ഉടൻ തന്നെ ബിൽ ക്ളിന്റണും ഹിലാരി ക്ളിന്റണും രംഗത്തു വന്നപ്പോൾ ഒബാമയും മിഷേലും മൂന്നു ദിവസം കഴിഞ്ഞാണ് കമലയെ അനുകൂലിച്ചുള്ള തങ്ങളുടെ നിലപാട് തുറന്നു പറഞ്ഞത്.
അനുകൂല
ഘടകങ്ങൾ
കാലിഫോർണിയ അറ്റോർണി ജനറൽ ആയപ്പോൾ മുതൽ ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ഒരാളായി കമല ഉദിച്ചുയരുകയായിരുന്നു. നാലു വർഷം കഴിഞ്ഞു വരുന്ന അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കമല മത്സരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്.എന്നാൽ വൈസ് പ്രസിഡന്റായി വീണ്ടും മത്സരിക്കാനിറങ്ങിയ കമലയുടെ നക്ഷത്രം മാറിമറിയുകയായിരുന്നു.വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നതാണ് കമലയുടെ ഒരു പ്ളസ് പോയിന്റ്. ഇന്ത്യയുടെയും ജമൈയ്ക്കയുടെയും പാരമ്പര്യം ഇടകലർന്നിരിക്കുന്നു.
കമലയുടെ അമ്മ, ബയോ മെഡിക്കൽ സയന്റിസ്റ്റായ ശ്യാമള ഗോപാലൻ ചെന്നൈയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയതാണ്. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുളസീന്ദ്രപുരത്താണ് ശ്യാമളയുടെ നാട്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ജമൈയ്ക്കൻ വംശജൻ ഡൊണാൾഡ് ഹാരിസാണ് കമലയുടെ അച്ഛൻ. ഭർത്താവ് ഡഗ്ളസ് എംഹോഫ് ജൂത കുടിയേറ്റക്കാരുടെ മകനാണ്.
ഏഷ്യൻ ആഫ്രിക്കൻ, ഇന്ത്യൻ വംശജ, പാതി കറുത്ത വർഗക്കാരി തുടങ്ങി കമലയ്ക്കുള്ള വ്യത്യസ്ത വിശേഷണങ്ങൾ ഒരുപോലെ അനുകൂലവും പ്രതികൂലവുമാണ്. സ്വതന്ത്ര നിലപാടുള്ളയാൾ, നിയമപണ്ഡിത, മികച്ച വാഗ്മി, ടഫ് പേഴ്സാണിലിറ്റി...അങ്ങനെ പോകുന്നു, വിശേഷണങ്ങൾ.
ഗാസ പ്രശ്നത്തിൽ ബൈഡന്റെ സമീപനമായിരുന്നില്ല കമലയുടേത്. അമേരിക്കയിൽ അടുത്തിടെ സന്ദർശനം നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോൺഗ്രസിനെ അഭിസംബോധന ചെയ്ത ചടങ്ങിൽ നിന്ന് വിട്ടുനിന്ന കമലയുടെ നടപടി ചർച്ചയായിരുന്നു. ഗർഭഛിദ്രം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ഉറച്ച നിലപാടുള്ള വ്യക്തിയാണ് കമല. രണ്ടാം പ്രസിഡൻഷ്യൽ ഡിബേറ്റിലേക്ക് ട്രമ്പിനെ വെല്ലു വിളിച്ചതു തന്നെ മികച്ച പ്രസംഗക എന്ന നിലയിലാണ്. ഫണ്ട് കണ്ടെത്തുന്ന കാര്യത്തിൽ കമല അതി വിദഗ്ദ്ധയാണ്. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിനം തന്നെ റെക്കോഡ് ധനസമാഹരണമാണ് നടന്നത്. ബൈഡനേക്കാൾ മികച്ചതെന്ന വിശേഷണവും 59 വയസ് എന്ന പ്രായത്തിന്റെ ആനുകൂല്യവും ഉണ്ട് (ട്രമ്പിന് 78 ആയി. ബോണി എമ്മിന്റെ വിഖ്യാത ഗാനത്തിലെപ്പോലെ 'ബ്രൗൺ ഗേൾ ഇൻ ദ റിംഗ്..." ആയി കമല കച്ചമുറുക്കുകയാണ്.
പ്രതികൂല
ഘടകങ്ങൾ
ഇന്ത്യൻ വംശജയെന്നു പറയുമ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പൂർണ പിന്തുണ കമല ഹാരിസിന് നേടാനായിട്ടില്ല. എഴുത്തുകാരനായ സാൽമൻ റുഷ്ദിയെപ്പോലുള്ളവർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും അമേരിക്കയിലെ ഇന്ത്യൻ ബിസിനസ് സമൂഹം കമലയ്ക്കൊപ്പമില്ല. വൈസ് പ്രസിഡന്റ് എന്ന നിലയിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചതായി പൊതു വിലയിരുത്തലില്ല. നിലപാടിലെ കാർക്കശ്യം തീവ്ര ഇടതുപക്ഷക്കാരിയെന്ന് മുദ്രകുത്താൻ ഇടയാക്കി. മദ്ധ്യസമീപനം ഇല്ലെന്നും പരാതിയുണ്ട്. ആദ്യം സൂചിപ്പിച്ചതുപോലെ ഒരു വനിതയെ അംഗീകരിക്കാനുള്ള മടി നെഗറ്റീവ് ഘടകമാണ്.
ബൈഡൻ ഭരണകൂടം അമേരിക്കൻ സമ്പദ് രംഗത്തെ തകർത്തെറിഞ്ഞുവെന്ന പൊതു വിമർശനത്തിന്റെ പങ്ക് കമലയ്ക്കും നേരിടേണ്ടിവരും. കറുത്ത വർഗക്കാരുടെയും സ്പാനിഷ് വംശജരായ ഹിസ്പാനിക്കുകളുടെയും പിന്തുണ ലഭിക്കുമ്പോൾ വൈറ്റ്സ് പൊതുവെ എതിരാകും. 2020-ലെ സെൻസസ് പ്രകാരം ജനസംഖ്യയിൽ വെള്ളക്കാർ 76 ശതമാനവും ബ്ളാക്ക്സ് 13.6 ശതമാനവുമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കളമൊരുങ്ങിക്കഴിഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൂടി വന്നതോടെ മത്സരം ട്രമ്പും കമലയും തമ്മിലും ജെ .ഡി. വാൻസും ടിം വാൾസും തമ്മിലായി.
(നാളെ : ട്രമ്പ് കാർഡ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |