കൊച്ചി: മലബാറിലെ ജില്ലകളിൽ വേണ്ടത്ര ഹയർ സെക്കൻഡറി സീറ്റുകളില്ലാത്തത് സംബന്ധിച്ച ഹർജിയിൽ പാലക്കാടിന്റെ ചുമതലയുള്ള മലപ്പുറം വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഹയർസെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് അയച്ച റിപ്പോർട്ടിൽ വിശദീകരണം നൽകാനാണ് 14ന് ഹാജരാകാൻ ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശിച്ചത്.
2023 -24 വർഷം മലബാർ മേഖലയിലെ 97 സ്‌കൂളുകളിൽ വിജ്ഞാപനം ചെയ്യാതെ ഹയർ സെക്കൻഡറി അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. ഇത് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെയാണെന്നാരോപിച്ച് എ.ആർ. നഗർ സ്‌കൂൾ മാനേജർ ഒ.വി. ഉസ്മാൻ കുരിക്കളും വിവിധ സ്‌കൂൾ മാനേജ്‌മെൻറുകളും നൽകിയ ഹർജികളിലാണ് നിർദ്ദേശം.
കഴിഞ്ഞ മേയിൽ ഹർജി പരിഗണിക്കവേ മലപ്പുറം, പാലക്കാട് ജില്ലകളിൽ മതിയായ സീറ്റുകൾ ലഭ്യമാണോയെന്ന കാര്യത്തിൽ ആവശ്യകത അടിസ്ഥാനമാക്കി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു. സർക്കാർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് അപൂർണമാണെന്നും ആവശ്യകത ശരിയായി വിലയിരുത്താതെയാണെന്നും കോടതി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |