ഇടുക്കി: മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്നും ഡീകമ്മിഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ ഒരിടവേളയ്ക്കുശേഷം പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടുമുയരുന്നു. മുല്ലപ്പെരിയാർ സമരസമിതി, പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ് എന്നീ സംഘടനകൾ ഈ ആവശ്യമുന്നയിച്ച് സമരം തുടങ്ങി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും പിന്തുണ നൽകുന്നു. വയനാട് ദുരന്തത്തിന് പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഉപ്പുതറയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. 11ന് വിപുലമായ കൺവെൻഷൻ നടത്തും. കേന്ദ്ര ജലകമ്മിഷൻ 1979ൽ മുല്ലപ്പെരിയാർ സന്ദർശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്നത് ആദ്യമായി ലോകമറിഞ്ഞത്. ഇപ്പോൾ ഡാമിന് 130 വർഷത്തോളം പഴക്കമുണ്ട്. ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കും. ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാർ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാൻ എം.പിയും കഴിഞ്ഞദിവസം രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു.
നിവേദനം നൽകി
മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ കേന്ദ്ര ജലശക്തി മന്ത്രി സി.ആർ.പാട്ടീലിന് നിവേദനം നൽകി. കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചേർത്ത് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |