മാന്നാർ: പ്രകൃതി ദുരന്തത്തിൽ എല്ലാംനഷ്ടപ്പെട്ട വയനാട്ടിലേക്ക് വിവിധയിടങ്ങളിൽ നിന്നായി സഹായഹസ്തങ്ങൾ നീളുമ്പോൾ, ദുരന്തത്തിനിരയായ കുടുംബത്തിലെ പെൺകുട്ടികൾക്ക് ജീവിതം കൊടുക്കാൻ തയ്യാറായി രണ്ട് യുവാക്കൾ.
ബുധനൂർ തയ്യൂർ കോമിലത്ത് കിഴക്കേതിൽ ശ്രീനിവാസൻ നായരുടെയും ജയശ്രീയുടെയും മകൻ വിഷ്ണുകുമാർ(30), പരുമല കോട്ടയ്‌ക്കമാലിൽ പരേതനായ സോമന്റെയും മാവേലിക്കര ഗവ.ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായ ലളിതയുടെയും മകൻ ദീപുരാജ് (സനു-31) എന്നിവരാണ് ദുരന്തത്തിൽ എല്ലാംനഷ്ടപ്പെട്ട് പ്രയാസത്തിലായ യുവതികൾക്ക് വിവാഹത്തിലൂടെ ശോഭനമായ ജീവിതം നൽകാൻ കാത്തിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ കമ്പനി ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ ലഭിച്ച തുകയിൽ ആനയടിയിൽ സഹോദരിയുടെ വീട്ടിനടുത്ത് വാങ്ങിയ വസ്തുവിൽ വീട് നിർമ്മാണത്തിന് തുടക്കം കുറിച്ച വിഷ്ണു ഇപ്പോൾ അമ്മവീടായ മാന്നാർ ഇരമത്തൂർ മുണ്ടുവേലിലാണ് താമസം. വയനാട്ടിലെ ദുരന്തത്തിൽ മനസ് വേദനിച്ച അമ്മയുടെ ആഗ്രഹപ്രകാരമാണ് വിഷ്ണു ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ട് ഒരു ഓട്ടോ എടുത്ത് ജീവിതം മുന്നോട്ട് നയിക്കാൻ ആഗ്രഹിക്കുന്ന വിഷ്ണുവിന് യോജിച്ച ഒരു പെൺകുട്ടിയെ വയനാട്ടിൽ നിന്ന് തന്നെ ജീവിത സഖിയായി ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് അമ്മ.
മിമിക്രിയിലും നാടൻപാട്ടിലും പ്രതിഭ തെളിയിച്ച ദീപുരാജ്, സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ്. കുട്ടനാട് നാടൻപാട്ട് കലാസമിതിയോടൊപ്പം പരിപാടികൾ അവതരിപ്പിക്കാറുള്ള ഈ യുവാവ് ചെട്ടികുളങ്ങരയിൽ സ്ഥലം വാങ്ങി വീട് വച്ചുവരികയാണ്. തന്റെ ആഗ്രഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വയനാട്ടിൽ നിന്ന് ദീപുവിനെ തേടി നിരവധി ഫോൺവിളികളാണ് എത്തുന്നത്. ശനിയാഴ്ച വൈകിട്ട് വയനാട്ടിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് ദീപുരാജ്. സോണി, കിങ്ങിണി എന്നിവരാണ് ദീപുവിന്റെ സഹോദരിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |