കേരളം ഒന്നടങ്കം ഒരു മനസോടെയും മെയ്യോടെയും ഒരുമിക്കുന്ന കാഴ്‌ചയാണ് വയനാട്ടിലെ ദുരന്തം വിനാശം വിതച്ച പ്രദേശങ്ങളിൽ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായങ്ങൾ ഒഴുകുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സംസ്ഥാനസർക്കാർ നടത്തിവരുന്നത്. കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണയും ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.
ദുരന്തഭൂമിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനത്തെ കുറിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴികാട്ടിയായവർ എന്നാണ്. വയനാട് രക്ഷാപ്രവർത്തനത്തിൽ ദുർഘടമേഖലകളിൽ നടക്കുന്ന തിരച്ചിലിന് നേതൃത്വം നൽകുന്നത് കാടിനെ തൊട്ടറിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉൾപ്പെടെ വനപാലക സംഘത്തെയാകെ രക്ഷാപ്രവർത്തന മേഖലയിലേക്ക് നിമിഷനേരം കൊണ്ട് എത്തിക്കാനും ഇവർക്ക് സാധിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എഴുത്തിന്റെ പൂർണരൂപം-
''കയ്യിൽകിട്ടിയ കിടക്കവിരി മുറിച്ചെടുത്ത് കുട്ടികളെ നെഞ്ചോട് ചേർത്ത് അതിസാഹസികമായി കാടിറങ്ങിയ വനപാലകരുടെ ചിത്രം ഒരിക്കലും മറക്കാനാകാത്തതാണ്. വയനാട് രക്ഷാപ്രവർത്തനത്തിൽ ദുർഘടമേഖലകളിൽ നടക്കുന്ന തിരച്ചിലിന് നേതൃത്വം നൽകുന്നത് കാടിനെ തൊട്ടറിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
ഉരുൾപ്പൊട്ടൽ സംഭവിച്ച നിമിഷം തന്നെ ഓടിയെത്തിയവരുടെ കൂട്ടത്തിൽ വനപാലകരുമുണ്ടായിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉൾപ്പെടെ വനപാലക സംഘത്തെയാകെ രക്ഷാപ്രവർത്തന മേഖലയിലേക്ക് നിമിഷനേരം കൊണ്ട് എത്തിക്കാനും ഇവർക്ക് സാധിച്ചു.
ഭൂപ്രദേശത്തിന്റെ എല്ലാഭാഗങ്ങളും നേരിട്ടറിയുന്ന വനപാലകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴികാട്ടിയായി. പ്രതിദിനം നൂറോളം ജീവനക്കാരാണ് ആദ്യദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലുള്ളത്''.
അതേസമയം, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടമായി നടപ്പാക്കും. മൂന്നാം ഘട്ടത്തിലാണ് സമ്പൂർണ പുനരധിവാസത്തിന് ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കും. ബന്ധുവീടുകളിൽ പോവാൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവർക്ക് സർക്കാർ ചെലവിൽ നൽകും.
ഒഴിഞ്ഞ വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്താൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. താത്കാലിക പുനരധിവാസത്തിനായി സർക്കാർ ഹോട്ടലുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവയും ഉപയോഗിക്കും.
വാടകയില്ലാതെ വീടുകളും ക്വാർട്ടേഴ്സുകളും പൂർണമായോ ഭാഗികമായോ വിട്ടുനൽകാമെന്ന് പലരും അറിയിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഫ്ളാറ്റ് സമുച്ഛയങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വാടക നിശ്ചയിച്ച് സർക്കാർ ഏറ്റെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് . അനുയോജ്യ സ്ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |