കൊച്ചി: ആദ്യദിനം തന്നെ ആറു ലക്ഷത്തിലധികം ടിക്കറ്റ് വിറ്റഴിച്ച് ഓണം ബമ്പർ വില്പന കുതിക്കുന്നു. ആഗസ്റ്റ് ഒന്നിന് വിപണിയിലെത്തിയ ടിക്കറ്റ് ഇന്നലെ വരെ വിറ്റത് 11 ലക്ഷം ടിക്കറ്റുകളാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 9പേർക്ക് 5 ലക്ഷം വീതം സമാശ്വാസ സമ്മാനവുമുണ്ട്. ആദ്യഘട്ടം 10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് വിറ്റു തീർന്നതോടെ രണ്ടാംഘട്ടമായി 10 ലക്ഷം ടിക്കറ്റുകൂടി അച്ചടിക്കുകയായിരുന്നു.
80 ലക്ഷമെങ്കിലും വിൽക്കുമെന്നാണ് പ്രതീക്ഷ. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞവർഷം 77 ലക്ഷം ടിക്കറ്റ് വിറ്റിരുന്നു. ഒക്ടോബർ ഒമ്പതിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 500 രൂപ.
2022ലാണ് ഓണം ബംബറിന്റെ സമ്മാനത്തുക 25 കോടിയാക്കിയത്. തിരുവനന്തപുരം സ്വദേശി അനൂപായിരുന്നു ആദ്യ ഭാഗ്യശാലി.
ഓണം ബമ്പറിന് വൻ ഡിമാൻഡ്
മറ്റ് ബംബർ ടിക്കറ്റുകളെ അപേക്ഷിച്ച് ഓണം ബംബർ ടിക്കറ്റുകൾ മറുനാട്ടുകാരടക്കം ധാരാളംപേർ വാങ്ങും. കൂടുതൽ പേർക്ക് ലഭിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം മുതൽ സമ്മാനഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇതും ടിക്കറ്റ് വില്പന ഉയരാൻ കാരണമാക്കി.
സമ്മാനഘടന (എണ്ണം)
• 1 - 25 കോടി
(5 ലക്ഷം വീതം സമാശ്വാസ സമ്മാനം: 9പേർക്ക് )
• 2 - ഒരു കോടി (20)
• 3- 50 ലക്ഷം (20)
• 4- 5 ലക്ഷം (10)
• 5 - 2ലക്ഷം (10)
• 6- 5000 (54,000)
• 7- 2000 (81,000)
• 8 - 1000 (1,24,200)
• 9- 500 (2,75,400)
ഓണം ബംബർ സമ്മാനം
• ആകെ സമ്മാനം: 5,34,670 പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |