വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എത്തിയ മോഹൻലാലിനെയും സൈന്യത്തെയും യൂട്യൂബർ ചെകുത്താൻ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ബാല. അമ്മ സംഘടന നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത ചെകുത്താൻ എന്ന അജു അലക്സ് ഒരു വിഷമാണെന്ന് ബാല പറഞ്ഞു. എട്ട് മാസങ്ങൾക്ക് മുമ്പ് ഞാൻ ഇതിനെതിരെ പ്രതികരിച്ചപ്പോൾ മാദ്ധ്യമങ്ങളടക്കം തന്നെയാണ് വിമർശിച്ചതെന്ന് ബാല ഫേസ്ബുക്കിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറഞ്ഞു.
ബാലയുടെ വാക്കുകളിലേക്ക്...
'നമ്മുടെ യൂട്യൂബർ അജു അലക്സ്, അതായത് ചെകുത്താൻ, അവൻ ചെയ്ത ഒരു കാര്യം. ഒരു എട്ട് പത്ത് മാസം മുമ്പ് ഇതല്ലേ ഞാനും പറഞ്ഞത്. എല്ലാവരുടെ അടുത്തും ഞാൻ തുറന്നുപറഞ്ഞതല്ലേ. ഞാൻ എന്ത് പാപമാണ് ചെയ്തത്. ഇവൻ ഒരു വിഷമാണ്. ചെയ്യുന്ന പ്രവർത്തികൾ എല്ലാം തന്നെ മോശമാണ്. നിർത്തണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി. പക്ഷേ, എല്ലാ മാദ്ധ്യമങ്ങളിലും എന്തൊക്കെ ന്യൂസ് വന്നു. തോക്കെടുത്തു, വയലൻസ് ചെയ്തു ബാല. എന്നാൽ ഒരുപാട് പേർ എന്നെ സപ്പോർട്ട് ചെയ്തു.
പക്ഷേ, ഇന്ന് നമ്മൾ നിൽക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ. വയനാട് എന്ന് പറയുന്നത് ഒരു സ്റ്റേറ്റിന്റെ പ്രശ്നമാണോ, അല്ല നമ്മുടെ മനുഷ്യന് എതിരായ വലിയ ഒരു ദുരന്തമാണുണ്ടായത്. അതിലും കയറി മോശമായ കമന്റ് ഇടുന്നു. അന്നുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം എനിക്കും എന്റെ ജീവിതത്തിനും എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും അറിയാമോ? കുടുംബത്തിന് എന്തൊക്കെ വേദനകളുണ്ടായി. അതിന് ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാണുണ്ടായത്.
എന്റെ ജീവിതത്തിൽ ഇതുപോലുള്ള ആളുകൾ ഇടപെടുന്നതിനെപ്പറ്റിയൊന്നും നിങ്ങൾക്ക് അറിഞ്ഞുകൂടാ. ഞാൻ നന്മ ചെയ്തിട്ടും എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട്. എന്നെ പാണ്ടി എന്നാണ് കുറേപ്പേർ ഇപ്പോഴും വിളിക്കാറുള്ളത്. ആയിക്കോട്ടെ. അതിലെനിക്ക് കുഴപ്പമില്ല. എനിക്ക് ചെയ്യാനുള്ള കടമകൾ ഞാൻ ചെയ്യും. മരിച്ചുപോയ അച്ഛന് ഞാൻ കൊടുത്ത വാക്കാണത്. വരുത്തനോ പാണ്ടിയെന്നോ നിങ്ങൾക്ക് വിളിക്കാം'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |