ന്യൂഡൽഹി : ജമ്മു കാശ്‌മീരിലെ അനന്ത്നാഗിൽ ശനിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു.
തെക്കൻ കാശ്‌മീരിലെ കോക്കർനാഗ് അഹ്‌ലാൻ ഗഗർമണ്ഡു വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്.വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എത്തിയ കരസേന, ജമ്മു കാശ്‌മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവയുടെ സംയുക്ത സംഘം ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരർ വെടിവയ്‌ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. ജമ്മുവിലെ ദോഡ വഴിയാണ് ഭീകരർ അനന്ത്നാഗിൽ കടന്നതെന്നും ഇന്നലെയും രൂക്ഷമായ ഏറ്റുമുട്ടൽ തുടർന്നതായും റിപ്പോർട്ടുണ്ട്. നാല് ഭീകരരാണുള്ളതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. നാല് പേരുടെയും രേഖാ ചിത്രങ്ങൾ പുറത്തു വിട്ട സൈന്യം ഇവരെ പിടിക്കാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചു..
2023 സെപ്‌റ്റംബറിലും ഇതേ മേഖലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. സേനയുടെ തിരിച്ചടിയിൽ ലഷ്‌കറെ തയ്ബ സീനിയർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |