കൊട്ടാരക്കര: കൊട്ടാരക്കരയിലെ പ്രമുഖ ഹാർഡ് വെയർ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ ചേർന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഉഴമലയ്ക്കൽ വടക്കുംകര പുത്തൻവീട്ടിൽ കൃഷ്ണന്റെ മകൻ സനേഷ് കൃഷ്ണനെയാണ് (37) കാട്ടാക്കട പൂവച്ചലിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരായ അംബിക, സനേഷ് കൃഷ്ണൻ, ഷൈജു, സിബി കൃഷ്ണൻ എന്നിവർ ചേർന്നാണ് തുക തട്ടിയെടുത്തത്. സെയിൽസ് എക്സിക്യുട്ടീവുമാരായ സനേഷ് കൃഷ്ണൻ, സിബി കൃഷ്ണൻ, ഷൈജു എന്നിവർ ഹാർഡ് വെയർ സാധനങ്ങൾ ജില്ലയിലെ വിവിധ കടകളിൽ വിതരണം ചെയ്തശേഷം കടകളിൽ നീന്ന് തുക വാങ്ങി കമ്പനിയിൽ അടയ്ക്കാതെ അക്കൗണ്ടന്റായ അംബികയുമായി ചേർന്ന് സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ വ്യാജമായി സെയിൽസ് റിട്ടേൺ കാണിച്ചാണ് തിരിമറി നടത്തിയത്. ഒന്നാം പ്രതിയായ അംബികയെയും മറ്റ് പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സനേഷ് കൃഷ്ണനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര എസ്.എച്ച്.ഒ എസ്. ജയകൃഷ്ണന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, കെ.വൈ.ജോൺസൺ, സി.പി.ഒമാരായ നഹാസ്, അഹ്സർ എന്നിവരടങ്ങുന്ന സംഘമാണ് നനേഷ് കൃഷ്ണനെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |