ന്യൂഡല്‍ഹി: 900 കിലോമീറ്ററിന്റെ പുതിയ റെയില്‍വേ പാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 24,657 കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തേര്‍ന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയണ് അംഗീകാരം നല്‍കിയത്. ഏഴ് സംസ്ഥാനങ്ങളിലൂടെയുള്ള എട്ട് പാതകളാണ് റെയില്‍വേയുടെ പദ്ധതിയില്‍ ഇടംപിടിച്ചിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതി സംബന്ധിച്ച കാര്യം അറിയിച്ചത്.
ഏഴ് സംസ്ഥാനങ്ങളിലെ പതിനാല് ജില്ലകളാണ് ഗുണഭോക്താക്കള്‍. ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ഒരു പാതയും പദ്ധതിയില്‍ ഇടംപിടിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. പദ്ധതിയുടെ ഭാഗമായി 64 പുതിയ റെയില്‍വേ സ്റ്റേഷനുകളാണ് 900 കിലോമീറ്റര്‍ പാതയ്ക്കിടയില്‍ റെയില്‍വേ നിര്‍മ്മിക്കുന്നത്.
പുതിയ പദ്ധതിയിലൂടെ കിഴക്കന്‍ സിംഗ്ബം, ഭദാദ്രി കോതഗുഡെം, മല്‍ക്കന്‍ഗിരി, കലഹണ്ടി, നബരംഗ്പൂര്‍, രായഗഡ തുടങ്ങിയ ജില്ലകളിലെ 510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റെയില്‍വേ ലെയിനുകളില്‍ കൂടുതലും ഒഡീഷയ്ക്കാണ് ലഭിക്കുത്. പുതിയതായി എട്ട് ലെയിനുകളാണ് ഒഡീഷയില്‍ നിര്‍മിക്കുന്നത്.
അതേസമയം, റെയില്‍വേ പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ കേരളത്തെ പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളിലെങ്കിലും പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന കോച്ചുകള്‍ മാറ്റുന്നതും ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്നതും മലബാര്‍ മേഖലയില്‍ രൂക്ഷമായ യാത്രക്ലേശം പരിഹരിക്കുന്നതിനും നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |