കൊല്ലം: മസ്തിഷ്ക മരണത്തെ തുടർന്ന് ഓർമ്മയായ തന്റെ പ്രിയതമ ലീനയുടെ ഉൾത്തുടിപ്പ് ഇന്നലെ സജീവ് വീണ്ടും അടുത്തറിഞ്ഞു. ലീനയുടെ വൃക്കകളും കരളും സ്വീകരിച്ചവർ ഇന്നലെ രാവിലെയാണ് കൊല്ലം ആശ്രാമം മാരിയമ്മൻ കോവിലിന് സമീപത്തെ സജീവിന്റെ അദ്വൈതം വീട്ടിലെത്തിയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി റോബിൻസ് വർഗീസ് (41), തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി ശ്രീജിത്ത് (39), ആറ്റിങ്ങൽ അവനവൻചേരി സ്വദേശി മോഹനൻ (68) എന്നിവരാണ് ലീനയുടെ അവയവങ്ങൾ സ്വീകരിച്ചത്.
ലീനയുടെ ഓർമ്മദിവസങ്ങളിലും ഇവരുടെ വീടുകളിലെ മറ്റു ചടങ്ങുകളിലും ഈ ഒത്തുചേരലുണ്ടാകും. സജീവിന്റെ ഭാര്യ ലീന (42) ആറു വർഷം മുമ്പാണ് മരിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവദാന സന്നദ്ധതയെപ്പറ്റി ഭർത്താവിനോടും ബന്ധുക്കളോടും സംസാരിച്ചു. തുടർന്ന് സജീവും ലീനയുടെ സഹോദരനും സമ്മതം മൂളി.
ശ്രീജിത്തിനും റോബിൻസിനും ലീനയുടെ വൃക്കകളും മോഹനന് കരളുമാണ് നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ അന്ന്മുതൽ ഇവർക്ക് ലീനയുടെ കുടുംബവുമായി ആത്മബന്ധമുണ്ട്. വീട്ടിൽ ലീനയുടെ ചിത്രത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് കുടുംബാംഗങ്ങളുമായി ഏറെ നേരം സമയം ചെലവഴിച്ചാണ് ഇവർ ഇന്നലെ മടങ്ങിയത്. റോബിൻസ് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനും ശ്രീജിത്ത് ടാക്സി ഡ്രൈവറുമാണ്. ആറ്റിങ്ങലിലെ എൽ.പി സ്‌കൂളിന്റെ ചുമതലക്കാരനായിരുന്നു മോഹനൻ. ആശ്രാമത്തെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് ജീവനക്കാരനും ബിവറേജസ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സജീവ്. മക്കൾ: ആദർശ്, അദ്വൈത്.
തലവേദനയിൽ തുടക്കം
2018 ആഗസ്റ്റ് മൂന്നിനാണ് തലവേദനയെ തുടർന്ന് ലീനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്കും, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആഗസ്റ്റ് 12ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് അവയവങ്ങൾ ദാനം ചെയ്തു. 2018ൽ സർക്കാർ മേഖലയിലേക്കുള്ള ആദ്യ അവയവദാനമായിരുന്നു ഇത്. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവരെ ലഭിക്കാതിരുന്നതിനാൽ ലീനയുടെ ഹൃദയവും കണ്ണുകളും ദാനം ചെയ്യാൻ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |