തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണമെന്നും ഉരുൾപൊട്ടൽ നാശംവിതച്ച കോഴിക്കോട്ടെ വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്നതടക്കം പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. രണ്ടിടത്തെയും പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചർച്ച നടത്തി.
വയനാട്ടിൽ സാധാരണ നിലയിൽ വീടുംസ്ഥലവും കൊടുക്കുന്നതിനു പകരം കമ്മ്യൂണിറ്റി ലിവിംഗ് സാദ്ധ്യമാകുന്ന തരത്തിൽ ടൗൺഷിപ്പ് മാതൃക സ്വീകരിക്കണം. ഗ്രാമങ്ങളിൽ നിന്ന് ചിതറിപോയവരെ ഒരുമിച്ചു കൊണ്ടുവരണം. കൃഷിക്കും സൗകര്യമൊരുക്കണം. പൊതുമേഖല, സ്വകാര്യ, സഹകരണ ബാങ്കുകൾ നൽകിയ വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ എല്ലാതരത്തിലുള്ള കടങ്ങളും എഴുതിത്തള്ളണം.
ചില കുടുംബങ്ങളിൽ കുട്ടികളും ചിലയിടത്ത് മുതിർന്നവരും മാത്രമാണുള്ളത്. ഓരോ കുടുംബത്തേയും പ്രത്യേകമായി പരിഗണിച്ച് മൈക്രോ ലെവൽ പാക്കേജ് നടപ്പാക്കണം. ദുരന്തങ്ങൾ ആവർത്തിക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് ശാസ്ത്രീയമായ പരിശോധനയും പ്രോൺ ഏരിയ മാപ്പിംഗുമടക്കം മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണം.
വിലങ്ങാട്ട് പൂർണ്ണമായി തകർന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകൾ പുനർനിർമ്മിക്കണം.
കാർഷിക ലോണുകൾ എഴുതിത്തള്ളണം. തേക്ക് കർഷകരുടെ നഷ്ടം നികത്തണം. ഒലിച്ചുപോയ പാലങ്ങളും തകർന്ന റോഡുകളും വിലങ്ങാട് അങ്ങാടിയിലെ ബലക്ഷയമുള്ള പാലവും പുനർനിർമ്മിക്കണം.
പ്രതിപക്ഷവുമായി ചർച്ച
നടത്താമെന്ന് സർക്കാർ
വയനാട്ടിൽ രാഹുൽഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകൾക്ക് സ്ഥലം കണ്ടെത്തിയാൽ പ്രതിപക്ഷവുമായി ചർച്ച നടത്താമെന്ന് സർക്കാർ സമ്മതിച്ചതായി വി.ഡി.സതീശൻ. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും. ക്വാറി ഖനനത്തിലടക്കം പഠനവും ഓഡിറ്റിംഗും വേണം. മുല്ലപ്പെരിയാർ വിഷയം 19ന് ചേരുന്ന യു.ഡി.എഫ് യോഗം ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും. തൊടുപുഴ നഗരസഭയിലെ വിഷയം മുന്നണി പരിശോധിക്കും. ഗുരുതരമായ ആഘാതമാണ് വിലങ്ങാടുണ്ടായിരിക്കുന്നത്. 24 ഉരുൾപൊട്ടലുകളുണ്ടായെന്നാണ് ഔദ്യോഗിക കണക്കെങ്കിലും നാൽപ്പതോളമെങ്കിലും ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |