കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ പോസ്റ്റ് തിരിഞ്ഞു കുത്തിയതോടെ കൈ പൊള്ളി സി.പി.എം. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്‌ക്കെതിരെ യു.ഡി.എഫ് കേന്ദ്രങ്ങൾ മതവിഭാഗീയതയുണ്ടാക്കി പോസ്റ്റിറക്കിയെന്നായിരുന്നു സി.പി.എം സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചത്. അത് സി.പി.എം നേതാക്കളും ഏറ്റു പിടിച്ചു. പോസ്റ്റ് മുൻ എം.എൽ.എ കെ.കെ.ലതിക പങ്ക് വച്ചു.
കേസന്വേഷിച്ച വടകര പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉറവിടം സി.പി.എം കേന്ദ്രങ്ങളാണെന്ന് വ്യക്തമാക്കിയതാണ് പാർട്ടിയെ വെട്ടിലാക്കിയത്.തിരഞ്ഞെടുപ്പ് ജയിക്കാനായി സി.പി.എം നടത്തിയത് നാട്ടിൽ മതസ്പർദ്ധയുണ്ടാക്കുന്ന ഭീകരപ്രവർത്തനത്തിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിഷയം നേരത്തെ തന്നെ വടകരയിലെ വോട്ടർമാർ തിരച്ചറിഞ്ഞതിന്റെ തെളിവായിരുന്നു തന്റെ ജയമെന്ന് ഷാഫി പറമ്പിൽ എം.പിയും വ്യക്തമാക്കി. നാഥനില്ലാത്ത കാഫിർ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് കെ.കെ.ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. . കാഫിർ പോസ്റ്റ് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ഇത് ചെയ്യില്ലെന്നും .ശൈലജ പറഞ്ഞു.. സ്‌ക്രീൻഷോട്ട് എന്തിന് ഷെയർ ചെയ്തെന്ന് ചോദിച്ചപ്പോൾ, പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെ.കെ. ലതികയുടെ മറുപടി.
വടകരയിൽ കെ.കെ.ശൈലജയും,ഷാഫി പറമ്പിലും തമ്മിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അവസാന ലാപ്പിലാണ് കാഫിർ പ്രയോഗം പൊട്ടിപ്പുറപ്പെട്ടത്..ശൈലജയെ കാഫിറാക്കി ചിത്രീകരിക്കുന്ന പോസ്റ്റ് പല ഗ്രൂപ്പുകളിലായിട്ടിറങ്ങി. . തുടർന്ന് ഇരുകൂട്ടരും സത്യം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. . അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സ്‌ക്രീൻ ഷോർട്ട് പ്രചരിച്ചത് എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹി പി.കെ.മുഹമ്മദ് കാസിമിന്റെ പേരിലെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. പക്ഷെ പോസ്റ്റിന് പിന്നിൽ താനല്ലെന്ന് വ്യക്തമാക്കിയ കാസിം, തന്റെ ഫോണടക്കം പൊലീസിനെ ഏൽപ്പിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അന്വേഷണം വൈകിയതോടെ ഹൈക്കോടതിയിലും ഹർജി നൽകി. കോടതി ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞ ദിവസം വടകര സി.എ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് സംഭവത്തിന്റെ ഉറവിടവും വ്യാപനവും സി.പി.എം ഗ്രൂപ്പിൽ നിന്നാണെന്ന് വിശദീകരിക്കുന്നത്.
തുടക്കം അമ്പാടിമുക്ക്
സഖാക്കളിൽ നിന്ന്
കോഴിക്കോട്: വിവാദമായ കാഫിർ പോസ്റ്റിന്റെ തുടക്കം സി.പി.എമ്മിന്റെ സൈബർ ഗ്രൂപ്പായ അമ്പാടിമുക്ക് സഖാക്കളിൽ നിന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഏപ്രിൽ 25ന് വൈകീട്ട് മൂന്നിന്. അവർക്ക് നേരെ അന്വേഷണം വന്നപ്പോൾ റെഡ് ബറ്റാലിയിൽ ഗ്രൂപ്പിൽ നിന്നാണ് കിട്ടിയതെന്ന് വിശദീകരണം. അതിന്റെ അഡ്മിൻ അമൽറാമിനെ ചോദ്യം ചെയ്തപ്പോൾ പോസ്റ്റ് വന്നത് റെഡ് എൻകൗണ്ടർ എന്ന മറ്റൊരു ഗ്രൂപ്പിൽ നിന്നെന്നും.. അതിന്റെ അഡ്മിൻ സി.പി.എം പ്രവർത്തകനായ റിബേഷാണ്.
അന്നു രാത്രി തന്നെ കുപ്രസിദ്ധ സി.പി.എം ഗ്രൂപ്പുകളിലൊന്നായ പോരാളി ഷാജി ഗ്രൂപ്പിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എന്നാൽ റിബേഷിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കാൻ അയാൾ തയ്യാറായില്ല. റിബേഷിന്റെ ഫോൺ പരിശോധനയിലാണ്. ഈ ഗ്രൂപ്പുകളിൽ നിന്നാണ് യാതൊരു ആധികാരികതയുമില്ലാത്ത പോസ്റ്റ് സി.പി.എം മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ.ലതിക പങ്കു വയ്ക്കുന്നത്. അതോടെയാണ് കേരളം മുഴുവൻ ഈ പോസ്റ്റിലേക്ക് തിരിഞ്ഞത്.
കേസന്വേഷണം പുരോഗമിക്കുകയാണെന്നും എവിടെ നിന്നാണ് പോസ്റ്റിന്റെ ഉത്ഭവമെന്ന് വൈകാതെ പുറത്ത് കൊണ്ടുവരുമെന്നും അന്വേഷണോദ്യോഗസ്ഥനായ വടകര സി.ഐ.സുനിൽകുമാർ പറഞ്ഞു.
'പോരാളി'മാരുടെ പങ്ക് പുറത്ത്
വന്നതിൽ സന്തോഷം: ഷാഫി
പാലക്കാട്: തിരഞ്ഞെടുപ്പ് വിജയിക്കാൻ ഏതറ്റം വരെയും പോകുകയെന്ന രീതിയാണ് സി.പി.എമ്മിന്റേതെന്നും,അതാണ് കാഫിർ പ്രയോഗത്തിലൂടെ വെളിപ്പെട്ടതെന്നും ഷാഫി പറമ്പിൽ എം.പി ആരോപിച്ചു.
സി.പി.എമ്മിന്റെ പ്രമുഖ നേതാക്കൾ വരെ ഇതെടുത്ത് തനിക്കെതിരെ ഉപയോഗിച്ചു. ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്.പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷമുണ്ട്. ഈ വിഷയത്തിൽ വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകളായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നോ പൊലീസ് ഇടപെടുക. പൊലീസ് സ്ലോ മോഷനിലാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |