ബംഗളൂരു: ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. രാഷ്ട്രീയ പ്രേരിത പരാതികളുടെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്നും ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'മുഖ്യമന്ത്രിക്കെതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് തള്ളാൻ ഓഗസ്റ്റ് ഒന്നിന് ചേർന്ന കർണാടക മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രീയ പ്രേരിത പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ അനുമതി ലഭിക്കണമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമായിരുന്നു. എന്നാൽ ആരോപണ വിധേയമായ എംയുഡിഎ കമ്പനിയിൽ അത്തരത്തിൽ ഒരു അന്വേഷണവും നടന്നിട്ടില്ല',- ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിദ്ധരാമയ്യയ്ക്ക് എതിരെ നടന്നത് ഒരു ഗൂഢാലോചനയാണെന്നും മുഴുവൻ മന്ത്രിമാരും അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. കൂടാതെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും വിഷയം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധരാമയ്യ രജിവയ്ക്കില്ലെന്നും ഒരു സമ്മർദത്തിനും മുഖ്യമന്ത്രി വഴങ്ങില്ലെന്നും ശിവകുമാർ പറഞ്ഞു.
മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്. മൂന്ന് സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി.
മുഖ്യമന്ത്രിയുടെ ഭാര്യ ബി എം പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടി എന്ന ആരോപണത്തിലാണ് ഗവർണറുടെ നടപടി. സാമൂഹിക പ്രവർത്തകരുടെ പരാതിയിൽ സിദ്ധരാമയ്യയുടെയും മകൻ എസ് യതീന്ദ്രയുടെയും എംയുഡിഎയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പേര് ഉൾപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യരുതെന്ന് മറുപടി നൽകണമെന്നും ചൂണ്ടിക്കാട്ടി ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |