ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. നാല് പെൺമക്കളുള്ള ഒരു പിതാവ് എത്ര നിരുത്തരവാദപരമായിട്ടാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പരിഹസിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്‌തിട്ടുള്ളത്. ഭാര്യ സിന്ധു കൃഷ്‌ണയുടെ യൂട്യൂബ് ചാനലിൽ വന്ന വ്ലോഗിലാണ് കൃഷ്‌ണകുമാർ റിപ്പോർട്ടിനെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്നത്.
'നീ ഓരോന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ, ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ' എന്നാണ് കൃഷ്‌ണകുമാർ പൊട്ടിച്ചിരിച്ചുകൊണ്ട് സിന്ധുവിനോട് പറയുന്നത്. സിന്ധു കൃഷ്‌ണ തിരിച്ചും അതേ രീതിയിലാണ് പ്രതികരിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. നിരവധിപേരാണ് ഇതിനെതിരെ കമന്റുകളുമായി രംഗത്തെത്തിയത്.
'അയാളുടെ മകളും സിനിമാ നടി ആണ് എന്നതാണ് കോമഡി','അയാളുടെ ബോഡി ലാംഗ്വേജ് നോക്കിക്കേ', 'സ്‌ത്രീവിരുദ്ധത ആണ് ഇവരുടെ അടിസ്ഥാന മുദ്രാവാക്യം' തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്. റിപ്പോർട്ടിന്റെ ഗൗരവ സ്വഭാവത്തെ തീർത്തും അവഗണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരമെന്നും അഭിപ്രായങ്ങളുണ്ട്. വീഡിയോയിൽ കൃഷ്‌ണകുമാർ ഇതേക്കുറിച്ച് സംസാരിക്കുന്ന ഭാഗം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മകളുടെ വിവാഹത്തേക്കുറിച്ചാണ് കൃഷ്‌ണകുമാർ സംസാരിച്ച് തുടങ്ങുന്നത്. സ്‌ത്രീകൾ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇതേ വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യയിൽ നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിക്കുന്ന നിലയിൽ സംസാരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |