
നടൻ ശിവകാർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ ആരതിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള നിരവധി വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് ഭാര്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ.
രാധിക ശരത്‌കുമാറിനെ നായികയാക്കി നിർമിച്ച 'തായ് കിഴവി' എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റിലാണ് ശിവകാർത്തികേയൻ മനസുതുറന്നത്. നവാഗതനായ ശിവകുമാർ മുരുകേശൻ നിർമിച്ച ചിത്രം പത്ത് ദിവസത്തിനുള്ളിൽ 50 കോടിയിലേറെ കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്.
'എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. എത്ര കാശുണ്ടെന്നും എനിക്കറിയില്ല. ഭാര്യ ആരതിയാണ് എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കി നടത്തുന്നത്. എന്തെങ്കിലും ചെലവ് വരുമ്പോൾ ഞാൻ അവളോട് കാശ് ചോദിക്കും. അവളാണ് എന്നെ നിർമാതാവാകാൻ പ്രാപ്‌തനാക്കിയത്. അവൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാദ്ധ്യമാകില്ലായിരുന്നു' - ശിവകാർത്തികേയൻ പറഞ്ഞു.
ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് മുമ്പും ശിവകാർത്തികേയൻ സംസാരിച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് നല്ല ശമ്പളം പോലുമില്ലാതിരുന്ന സമയത്താണ് ആരതി തന്നെ വിവാഹം ചെയ്യാൻ തയ്യാറായതെന്ന് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. അതിന് ആരതിയോട് കടപ്പെട്ടിരിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. 2010ലാണ് ശിവകാർത്തികേയനും ആരതിയും വിവാഹിതരാകുന്നത്. അന്ന് ശിവകാർത്തികേയൻ സിനിമയിൽ സജീവമായിരുന്നില്ല. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |