SignIn
Kerala Kaumudi Online
Saturday, 24 August 2024 3.45 PM IST

തകർക്കപ്പെടുന്ന മലകളും പ്രതിരോധിക്കുന്ന മനുഷ്യരും

1

വയനാട്ടിലെ ഉരുൾപൊട്ടൽ ദൃശ്യങ്ങളും വെള്ളാർമല സ്‌കൂളിന്റെ അവസ്ഥയും മാദ്ധ്യമങ്ങളിലൂടെ കണ്ടു മനസിലാക്കിയ വരോട്ടെ സ്‌കൂളുകളിലെ കുട്ടികൾ അദ്ധ്യാപകരോട് ഇങ്ങനെ ചോദിച്ചു. ''അനങ്ങൻമലയും പൊട്ടുമോ... നമ്മളും മരിക്കുമോ ടീച്ചറേ...'' ഇല്ല, അങ്ങനെയൊന്നും സംഭവിക്കില്ല്യാട്ടോ.. പേടിക്കണ്ടെന്ന് പറഞ്ഞ് അദ്ധ്യാപകർ ആ കുഞ്ഞുമനസുകളെ ആശ്വസിപ്പിച്ചെങ്കിലും സകലരുടെയും മനസിലും ആധിയാണ്. ഇടയ്ക്കിടെ അനങ്ങൻമലയിലെ ക്വാറിയിൽ നിന്ന് പാറ പൊട്ടിക്കുന്ന ശബ്ദം കേൾക്കാറുള്ളതാണ് ആ ഭീതിയുടെ അടിസ്ഥാനം. ഭരണകൂടങ്ങൾക്ക് മുന്നിൽ പരാതികളും പരിഭവങ്ങളുമായി നിരവധി തവണയെത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തുടർന്നാണ് പ്രദേശവാസികൾ വിദ്യാർത്ഥികളെ അണിനിരത്തി ഒരു അതിജീവന സമരത്തിന് നേതൃത്വം നൽകിയത്.

സമാനതകളില്ലാത്ത സമരങ്ങൾക്കാണ് അനങ്ങൻമല കഴിഞ്ഞ കുറച്ചുകാലങ്ങളായി സാക്ഷ്യം വഹിക്കുന്നത്. കുഞ്ഞുമക്കൾ മുതൽ മുതിർന്നവർ വരെ കൈകോർത്ത സമരം ആവശ്യപ്പെടുന്നത് ജനിച്ച മണ്ണിൽ ഭയാശങ്കകളില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഒറ്റപ്പാലം വരോട് പ്രദേശത്തും കഴിഞ്ഞദിവസം അനങ്ങനടിയിലും വിദ്യാർത്ഥികൾ ഉറക്കെ വിളിച്ചു 'സേവ് അനങ്ങൻമല, സേവ് അസ്'.

വയനാട് ദുരന്തത്തിന്റെ നടുക്കത്തിൽ ഭീതിയിലായ അനങ്ങൻമല പ്രദേശത്തെ മനുഷ്യരുടെ ആധിയാണു മുദ്രാവാക്യങ്ങളായി താഴ്വാരത്തു പ്രതിധ്വനിക്കുന്നത്. അനങ്ങനടി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം അനങ്ങൻമലയുടെ തൊട്ടുതാഴെയുള്ള മൈതാനത്ത് വട്ടത്തിൽ ഒരുക്കിയ പ്രതീകാത്മക 'സംരക്ഷണവലയ'ത്തിൽ അണിനിരന്നതു രണ്ടായിരത്തിൽപരം കുട്ടികളാണ്. അവർ അനങ്ങൻമലയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഭീതിയോടെ മുതലമട

കൊല്ലങ്കോട് മേഖല

നാടെങ്ങും പ്രകൃതിദുരിന്തത്തിലമരുമ്പോഴും മുതലമടയിലും കൊല്ലങ്കോട്ടും നിലക്കാതെ പാറ പൊട്ടിക്കൽ തുടരുകയാണ്. അനധികൃതമായി പാറ പൊട്ടിക്കുന്ന നിരവധി ക്വാറികളാണ് മുതലമട, കൊല്ലങ്കോട് മേഖലയിലുള്ളത്. ഇതിനു പുറമെ മൂച്ചങ്കുണ്ടിൽ ഗ്രീൻ ചാനലിലൂടെ പുതിയ പാറ പൊട്ടിക്കൽ കേന്ദ്രം കൂടി വർദ്ധിച്ചതോടെ ജനം ഭീതിയിലാണ്.

മൂച്ചങ്കുണ്ടിൽ അടുത്ത കാലത്താണ് ഗ്രീൻ ചാനലിലൂടെ പാറപൊട്ടിക്കാൻ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം എതിർത്തിട്ടും നിറുത്തിവെക്കാൻ സാധിച്ചിട്ടില്ല. ക്വാറികൾക്കു പുറമെ ക്രഷറുകളും മുതലമടയിൽ സജീവമാണ്. പാറ പൊട്ടിക്കാൻ അനുവാദമില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുകൾ കൊണ്ടുവന്ന് ക്രഷറുകളിൽ പൊടിച്ചാണ് പ്രവർത്തനം നടക്കുന്നത്. എന്നാൽ പ്രാദേശിക ക്വാറികൾ പൊട്ടിച്ച് അനധികൃതമായി മുതലമടയിലെ ക്രഷറുകൾക്ക് നൽകുന്നതായും പരാതിയുണ്ട്. ക്വാറികളിലെ അമിത സ്‌ഫോടനങ്ങൾ മൂലമാണ് വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ തിരിച്ചുവനത്തിലേക്ക് പോകാത്തതെന്നും കർഷകർ പറയുന്നു.

ക്വാറികളിലെ സ്‌ഫോടനങ്ങൾ ആനകളുടെ ആവാസവ്യവസ്ഥയെയും ബാധിച്ചതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അനധികൃത ക്വാറികൾക്കെതിരെ വിജിലൻസ് റെയ്ഡ് നടന്നിട്ടും നിർബാധം പ്രവർത്തനം തുടരുകയാണ്. അധികൃതരുടെ കടുത്ത അനാസ്ഥ തന്നെയാണ് പാറ പൊട്ടിക്കൽ വർദ്ധിക്കാൻ വഴിവച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വനാതിർത്തിയോട് ചേർന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ പൊങ്ങുന്നതും മണ്ണിടിച്ചിലിന് വഴിയൊരുക്കുമെന്നും ഭീതി നിലനിൽക്കുകയാണ്. പ്രകൃതി സൗന്ദര്യമേറിയ കൊല്ലങ്കോട്ട് ഫാം ടൂറിസത്തിന്റെ പേരിൽ വനത്തിനോട് ചേർന്നിട്ടുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റ് ബഹുനില കെട്ടിടങ്ങൾ നിർമ്മാണം ആരംഭിച്ചതിനാൽ ഈ പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.

വനത്തോട് ചേർന്ന് പ്രദേശങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയും പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും വനം വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ അനുമതി സമ്പാദിച്ചെന്ന പേരിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്ത് അതിർത്തികളിലെ ക്വാറികളും അനധികൃത നിർമ്മാണങ്ങളും പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജില്ലയിലെ കണക്ക്
ജില്ലയിലെ 72 ക്വാറികളിൽ 43 എണ്ണം ലീസ് പ്രകാരവും 29 എണ്ണം പെർമിറ്റ് പ്രകാരവുമാണ് പ്രവർത്തിക്കുന്നത്. അലനല്ലൂർ, ആനക്കര, പട്ടാമ്പി, ഒറ്റപ്പാലം കുത്തനൂർ, കയിലിയാട്, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. പട്ടാമ്പി, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കിലാണ് ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കരിങ്കൽ എടുക്കുന്നതിനുള്ള നിശ്ചിത അളവ് കഴിഞ്ഞതും ലീസ് കഴിഞ്ഞതുമായ അഞ്ച് കരിങ്കൽ ക്വാറികളാണ് പ്രവർത്തനം നിറുത്തിയത്. ജില്ലയിൽ തന്നെ അനധികൃതമായി ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ (20) പ്രവർത്തിക്കുന്നത് മുതലമട പ്രദേശത്താണെന്നു ജിയോളജി വകുപ്പ് പറയുന്നു. ഇത്തരം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജിയോളജി വകുപ്പ് പരിശോധന ശക്തമാക്കാനാണ് തീരുമാനം.

ജലസ്രോതസുകളായി ക്വാറികൾ
എലപ്പുള്ളി പഞ്ചായത്തിൽ രാമശ്ശേരി വടപാറ, തേനാരി പായപ്പള്ളം എലപ്പുള്ളി പാറ എന്നിവിടങ്ങളിലെ 3 ക്വാറികളും പുതുശ്ശേരി പഞ്ചായത്തിൽ ചെല്ലങ്കാവ് കള്ളിപ്പാറ, കഞ്ചിക്കോട് മായപ്പള്ളം എന്നിങ്ങനെ 2 ക്വാറികളും 15 വർഷത്തിലേറെയായി പ്രവർത്തനം നിറുത്തി ഉപേക്ഷിക്കപ്പെട്ടവയാണ്. ജനവാസമേഖലയിൽ നിന്നു മാറി പ്രവർത്തിച്ചിരുന്ന ഇവ ജലസ്രോതസുകളായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

കുളിക്കാനും മറ്റു കൃഷി ആവശ്യത്തിനായും ഈ ക്വാറികളിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ജനവാസ മേഖലയിൽ നിന്ന് മാറി പ്രവർത്തിക്കുന്നവയായതിനാലും പരിസരപ്രദേശം വാസയോഗ്യമല്ലാത്തതിനാലും നിലവിൽ അപകടഭീഷണിയില്ലെന്നാണ് പഞ്ചായത്ത് വില്ലേജ് അധികൃതർ അറിയിക്കുന്നത്.

ധോണിയിലും

സ്ഥിതി വ്യത്യസ്തമല്ല

പശ്ചിമഘട്ടത്തിന്റെ ഭാഗമായ പാലക്കാട് ധോണിയിൽ കാടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വാറികളും ജനജീവിതത്തിന് ഭീഷണിയാവുകയാണ്. വനംവകുപ്പിന്റെ ഒത്താശയോടയാണ് ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണമുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും വനംവകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ വാളയാർ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ധോണി മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്നോളം ഖനന യൂണിറ്റുകൾക്ക് നേരെയാണ് പരാതി. 2018ലെ പ്രളയസമയത്ത് ഈ ക്വാറികളുടെ ഖനന ഭൂമിയിൽ നിന്നും 400 മീറ്റർ മാത്രം അകലെയാണ് ഉരുൾപൊട്ടിയത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. ക്വാറിക്കെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. 2019 ലും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. മഴ ശക്തമാകുമ്പോഴൊക്കെ ധോണിക്കാരുടെ നെഞ്ചിടിപ്പ് കൂടും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാതല ദുരന്തസാദ്ധ്യതാ മാപ്പിലും, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് റിപ്പോർട്ടിലും ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖല എന്ന് രേഖപ്പെടുത്തിയ മേഖലയിലാണ് ഖനനം തുടരുന്നത്. വനമേഖലയിൽ നിന്നും കുറഞ്ഞത് 50 മീറ്റർ ദൂരപരിധി വേണം ക്വാറികൾക്കെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല. ടൂറിസം മേഖലയായ ധോണി റിസർവ് ഫോറസ്റ്റിലെ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പ്രദേശത്ത് അനിയന്ത്രിതമായി ഖനനം നടക്കുമ്പോൾ നടപടിയെടുക്കാൻ വനംവകുപ്പോ, ടൂറിസം വകുപ്പോ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് ഭരണകൂടം ഉത്തരം പറയണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.