തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചതായി സൂചന. സി.പി.ഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾക്കുപുറമേ, സി.പി.എമ്മിൽ നിന്നുതന്നെ ഈ ആവശ്യം ശക്തമായതിനെ തുടർന്നാണിത്. സ്ഥിതിവിശേഷം മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. രഞ്ജിത്തിന്റെ രാജി വാങ്ങാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് വിവരം.
ചലച്ചിത്ര അക്കാഡമി ചെയർമാൻ എന്ന ബോർഡ് കാറിൽ നിന്നു നീക്കിയശേഷമാണ് ഇന്നലെ വയനാട്ടിൽ നിന്ന് രഞ്ജിത്ത് കോഴിക്കോട്ടേയ്ക്ക് തിരിച്ചത്.
രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ബംഗാളി നടി ശ്രീലേഖ മിത്ര ഉറച്ചു നിൽക്കുകയാണ്. മോശം പെരുമാറ്റമുണ്ടായെന്ന് വെളിപ്പെടുത്തി പ്രസാധക എം.എ.ഷഹനാസും രംഗത്തെത്തിയിരുന്നു.
'സർക്കാർ ഇരകൾക്ക് ഒപ്പമാണ്, വേട്ടക്കാർക്ക് ഒപ്പമല്ല', എന്ന പല്ലവി ആവർത്തിക്കുമ്പോൾ, ജനങ്ങൾക്ക് പുച്ഛമാണ് തോന്നുന്നതെന്നും മുഖം രക്ഷിക്കാൻ നടപടിവേണമെന്നുള്ള ആവശ്യമാണ് പാർട്ടിക്കുള്ളിലും ഉയർന്നത്. പാർട്ടിയെ പിന്തുണയ്ക്കുന്ന കലാകാരന്മാരും ഇന്നലെ സാംസ്കാരികവകുപ്പ് മന്ത്രിക്കെതിരെ തിരിഞ്ഞു.
എന്തെങ്കിലും പഴുതു കണ്ടെത്തി രഞ്ജിത്തിനെ നിലനിറുത്താനാണ് മന്ത്രി സജി ചെറിയാൻ ഇന്നലെ വൈകിട്ടുവരെയും ശ്രമിച്ചത്. പാർട്ടിയിലെ ചില ഉന്നതരുടെ പിന്തുണയും രഞ്ജിത്തിനുണ്ടായിരുന്നു.
ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്ന് ഇന്നലെയും മന്ത്രി സജിചെറിയാൻ പുകഴ്ത്തി.
നടപടി എടുക്കാൻ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താനാകൂ. ഇതൊക്കെയായിരുന്നു ഇന്നലെ മന്ത്രിയുടെ വാദഗതികൾ. ആരോപണം രഞ്ജിത്ത് നിഷേധിച്ചില്ലേയെന്നും മന്ത്രി ചോദിച്ചു.
അതേസമയം, രഞ്ജിത്ത് രാജിവയ്ക്കണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ തുറന്നടിച്ചു. രാജിവച്ചില്ലെങ്കിൽ നാളെ ചലച്ചിത്ര അക്കാഡമി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചു. പ്രതിപക്ഷമാകട്ടെ സമരപരിപാടികളുമായി മുന്നോട്ടു പോവുകയാണ്. കഴമ്പുണ്ടെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി വ്യക്തമാക്കിയത്.
ഹേമകമ്മിറ്റി റിപ്പോർട്ട് വെട്ടിച്ചുരുക്കിയത് സിനിമയിലെ പവർ ഗ്രൂപ്പിനെ രക്ഷിക്കാനാണെന്ന ആരോപണം സർക്കാരിന് കളങ്കമേൽപ്പിച്ചതിനു പിന്നാലെയാണ് ചലച്ചിത്ര അക്കാഡമി ചെയർമാനും ലൈംഗിക ആരോപണത്തിൽ കുടുങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് 'അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ ഒഴുക്കൻ വിശദീകരണം ശരിയായില്ലെന്ന്നടി ഉർവശി വിമർശിക്കുകയും രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് പറയുകയും ചെയ്തു.
ഇനി വൈകിയാൽ
മുഖം വികൃതമാവും
1. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാത്തത് ശക്തരായ വേട്ടക്കാർക്കൊപ്പമാണ് സർക്കാരെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിച്ചു.
2. തുറന്നു പറച്ചിലുമായി കൂടുതൽപേർ രംഗത്ത് വരുന്നു.ഇനിയും നടപടി എടുത്തില്ലെങ്കിൽ സർക്കാരിന്റെ മുഖം വികൃതമാകും.
`പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയശേഷം ഓഡീഷനിടെയുള്ള പെരുമാറ്റത്തിൽ തെറ്റുപറ്റിയെന്ന് രഞ്ജിത്ത് സമ്മതിക്കണം.
ബംഗാളിൽനിന്ന് കേസുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ട്. കേരളത്തിൽ നിന്ന് ആരെങ്കിലും സഹായിച്ചാൽ അതിനു തയ്യാറാണ്.'
-ശ്രീലേഖ മിത്ര,
ബംഗാളി നടി
മന്ത്രിയുടെ നിലപാട് മാറിമറിഞ്ഞു
ഇന്നലെ രാവിലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ അനുകൂലിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി സജി ചെറിയാൻ വൈകിട്ടോടെ നിലപാട് മാറ്റി.'തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |