കോഴഞ്ചേരി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി.നായരുടെ (40) സംസ്കാര ചടങ്ങുകൾ ഇന്നലെ വെെകിട്ടാണ് നടന്നത്. അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയ മകൻ ഇന്ദുചൂഡന്റെയും പൊട്ടിക്കരഞ്ഞ മകൾ ഇതികയുടെയും നിലവിളി നാടിന്റെ നൊമ്പരമായി.
യു.കെയിൽ നഴ്സായ രഞ്ജിത അവിടുത്തെ ജോലി ഉപേക്ഷിച്ച് കേരളത്തിൽ ആരോഗ്യവകുപ്പിൽ ലഭിച്ച ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടത്തിൽ മരിച്ചത്. ദുരന്തം നടന്ന് 11-ാം ദിവസമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിപ്പേർ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ പുഷ്പചക്രം സമർപ്പിച്ചു. വീട്ടിലെത്തിച്ച മൃതദേഹം പുല്ലാട് കോഞ്ഞോണ് തറവാടിന് സമീപം രഞ്ജിത പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ നടുത്തളത്തിൽ പൊതുദർശനത്തിന് വച്ചതോടെ അമ്മ തുളസിക്കുട്ടിയമ്മയും മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. വൈകിട്ട് നാലരയോടെയായിരുന്നു സംസ്കാരം. മകൻ ഇന്ദുചൂഡൻ, രഞ്ജിതയുടെ സഹോദര പുത്രൻമാരായ കാശിനാഥ്, ശ്രീറാം എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
പിന്നാലെ രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതർ കെെമാറി. രഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്ത് നിന്ന് കിട്ടിയ വസ്തുക്കളാണ് ബന്ധുക്കൾക്ക് കെെമാറിയത്. 90ശതമാനവും കരിഞ്ഞുരുകിയ നിലയിലായിരുന്നു സ്വർണമാല.
സീറ്റിനടുത്ത് നിന്ന് സ്വർണമാല, മോതിരം, വസ്ത്രത്തിന്റെ കത്താത്ത ഭാഗം, ചെരുപ്പ് എന്നിവയാണ് കിട്ടിയത്. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവ ബന്ധുക്കൾക്ക് കെെമാറിയത്. പുല്ലാട് വിവേകാനന്ദ സ്കൂളിൽ രഞ്ജിതയുടെ മൃതദേഹത്തിന്റെ പൊതുദർശന സമയം പെട്ടി ആംബുലൻസിൽ തന്നെ സൂക്ഷിച്ചിരുന്നു. മൃതദേഹത്തിനൊപ്പമാണ് പെട്ടിയും വീട്ടിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |