കൊച്ചി: താരസംഘടനയായ അമ്മയെ പ്രതിസന്ധിയിലാക്കി ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സാവന്ത്. ഇന്നലെ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ രേവതി ആരോപണങ്ങൾ ഉന്നയിച്ചത്.
2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന്ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.
തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ് ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്.
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടേ" എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ ശേഷമാണ് മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്രിമിനലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതിന് എന്റെ സിനിമാ സ്വപ്നങ്ങളെ ഇല്ലാതാക്കി. ആരും എന്നെ വിശ്വസിച്ചില്ല, ഒപ്പം നിന്നില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് മുക്തയായിട്ടില്ലെന്നും രേവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |