SignIn
Kerala Kaumudi Online
Tuesday, 27 August 2024 10.51 AM IST

പെൻഷൻ പദ്ധതിയിലെ മാറ്റം ഗുണകരം

pension

സർക്കാർ ജീവനക്കാർക്കിടയിൽ ഏറെ പ്രതിഷേധമുയർത്തിയ പങ്കാളിത്ത പെൻഷനു വിരാമമിട്ട് പുതിയ ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. യു.പി.എസ് (യൂണിഫൈഡ് പെൻഷൻ സ്കീം) എന്ന പദ്ധതി അടുത്ത ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽവരും. ജീവനക്കാരന്റെ അവസാന പന്ത്രണ്ടുമാസത്തെ ശമ്പള ശരാശരിയുടെ അൻപതു ശതമാനമായിരിക്കും പുതിയ പെൻഷൻ. പത്തു വർഷം സർവീസുള്ളവർക്കും കുറഞ്ഞത് പതിനായിരം രൂപ പെൻഷൻ നൽകുമെന്നാണ് പ്രഖ്യാപനം. വർഷത്തിൽ രണ്ടുതവണ ക്ഷാമബത്തയും അനുവദിക്കും. പെൻഷണർ മരണപ്പെട്ടാൽ ആശ്രിതർക്ക് പെൻഷന്റെ അറുപത് ശതമാനം ലഭിക്കും. 2004 മുതൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയതുപോലെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പെൻഷൻ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പഴയ പെൻഷൻ പദ്ധതിയിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന കടുത്ത നിലപാടിലായിരുന്ന കേന്ദ്ര സർക്കാർ,​ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാകണം പുനർവിചിന്തനത്തിന് ഒരുങ്ങിയത്. പുതിയ പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാർക്ക് മാന്യതയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കേന്ദ്ര സർവീസിലെ 23 ലക്ഷം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പുതിയ പെൻഷൻ പദ്ധതിയിലൂടെ നേട്ടമുണ്ടാകും. കേന്ദ്ര ഖജനാവിന് ആദ്യവർഷം 6250 കോടി രൂപയാണ് ഇതുവഴി അധികച്ചെലവ്. കുടിശികയ്ക്കു മാത്രം 800 കോടി വേണ്ടിവരും. പെൻഷൻ ഫണ്ടിലേക്ക് ജീവനക്കാർ പത്തു ശതമാനം നൽകുമ്പോൾ കേന്ദ്ര വിഹിതം 18.5 ശതമാനമായിരിക്കും. നിലവിൽ ഇത് പതിനാലു ശതമാനമാണ്.

സംസ്ഥാന സർക്കാരുകൾക്കും പുതിയ പെൻഷൻ പദ്ധതി സ്വീകരിക്കാമെന്നാണ് കേന്ദ്ര നിർദ്ദേശം. അങ്ങനെ വന്നാൽ രാജ്യത്തെ 90 ലക്ഷം സർക്കാർ ജീവനക്കാർക്കും ഗുണകരമാകുന്ന തീരുമാനമാണിത്. സർക്കാർ ജീവനക്കാർക്ക് ആനന്ദം പകരുന്നതാണ് ഇതെങ്കിലും,​ 140 കോടി ജനങ്ങളുള്ള രാജ്യത്ത് സർക്കാർ സർവീസിലുള്ളവർക്കായി അടിക്കടി ആനുകൂല്യങ്ങൾ നൽകുന്നതിൽ നെറ്റിചുളിയുന്നവർ ധാരാളമാണ്. സംഘടിത ശക്തികളിൽ ഏറ്റവും പ്രബലരാണ് സർക്കാർ ജീവനക്കാർ. അതുകൊണ്ടുതന്നെ അവരെ പ്രീണിപ്പിച്ചുനിറുത്തുന്നതിലെ രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാനാവില്ല. കേന്ദ്രത്തിന്റെ പെൻഷൻ തീരുമാനം സംസ്ഥാന സർക്കാരുകളെ പ്രതിരോധത്തിലാക്കുമെന്ന് തീർച്ചയാണ്. എൻ.ഡി.എ ഭരണമുള്ള സംസ്ഥാനങ്ങൾ യു.പി.എസിലേക്ക് ചുവടുമാറുമെന്ന് ഉറപ്പാണ്. അതിന് മഹാരാഷ്ട്ര തുടക്കം കുറിച്ചിട്ടുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയിലെ വോട്ടർമാരെ ഭരണ മുന്നണിയിലേക്ക് ആകർഷിക്കാനുള്ള വഴികൂടിയാണിത്.

പ്രതിപക്ഷ കക്ഷികൾക്ക് ഭരണമുള്ള മറ്റേതാനും സംസ്ഥാനങ്ങൾ നേരത്തെ തന്നെ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പഴയ സമ്പ്രദായത്തിലേക്കു മടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. ഏതായാലും സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം റിട്ടയർമെന്റ് ജീവിതം കൂടുതൽ ആഹ്ളാദകരമാകുമെന്നതിൽ സംശയമില്ല. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് കേന്ദ്രം യു.പി.എസിന് രൂപം നൽകിയതെന്ന് സൂചനയുണ്ട്. പുതിയ പദ്ധതിയുടെ ചില വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. പെൻഷൻ പറ്റുമ്പോൾ ജീവനക്കാർക്കുള്ള കമ്മ്യൂട്ടേഷൻ ആനുകൂല്യത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ ന്യൂനതകൾ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിച്ചിട്ടുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് മാറിമറിയുന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ആസ്തി. യു.പി.എസ് ആകട്ടെ പണത്തിന്റെ മൂല്യത്തിൽ ഭാവിയിൽ സംഭവിക്കാവുന്ന വ്യത്യാസങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടുള്ളതാണെന്നാണ് വിശദീകരണം. ജീവനക്കാരുടെ താത്പര്യങ്ങൾ ഒരുതരത്തിലും ഹനിക്കപ്പെടാൻ ഇടവരുത്തില്ലെന്ന ഉറപ്പ് യു.പി.എസിനെ കൂടുതൽ ആകർഷകമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.