സംഘം 31 വരെ വയനാട്ടിൽ
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പി.ഡി.എൻ.എ (പോസ്റ്റ് ഡിസാസ്റ്റർ അസസ്മെന്റ്) സംഘം നടത്തുന്നതെന്ന് അതിന്റെ തലവനും സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ.ആർ.പ്രദീപ്കുമാർ പറഞ്ഞു. ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് ദേശീയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, വിവിധ വകുപ്പ് മേലധികാരികൾ തുടങ്ങിയവരുമായി പി.ഡി.എൻ.എ സംഘം നടത്തിയ ചർച്ചയിലാണ്ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തബാധിതരായ മുഴുവനാളുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഹ്രസ്വ, ഇടക്കാല, ദീർഘകാല വീക്ഷണത്തോടെ പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രൊഫ.ആർ പ്രദീപ്കുമാർ വ്യക്തമാക്കി.
# ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും സമഗ്ര നിരീക്ഷണം നടത്തണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. നാശനഷ്ടം കണക്കാക്കുമ്പോൾ പഴയ മാനദണ്ഡങ്ങൾ ഉപയോഗിക്കാതെ യഥാർത്ഥ നഷ്ടം വിലയിരുത്തണം. ജീവനോപാധിക്ക് പ്രാധാന്യം കൊടുക്കണം.
നാശനഷ്ടങ്ങൾ കൂടുതൽ ജാഗ്രതയോടെ കാണണമെന്ന് ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. മറ്റുരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലിക്കും പഠനത്തിനും പോയവരെ ഉൾപ്പെടെ ദുരന്ത ബാധിതരായ മുഴുവൻ ആളുകളെയും പരിഗണിക്കണം. ദുരന്തത്തിൽ നേരിട്ടും അല്ലാതെയുമുള്ള ആഘാതങ്ങൾ വിലയിരുത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് ദുരന്തം സംഭവിച്ച ദിവസം മുതൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, ദുരന്തത്തിന്റെ വ്യാപ്തി, നഷ്ടങ്ങൾ, വിവിധ സംവിധാനങ്ങൾ, ഫോഴ്സുകൾ നടത്തിയ കാര്യങ്ങൾ അവതരിപ്പിച്ചു. പി.ഡി.എൻ.എ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 31 വരെ വിവിധ മേഖലകളിലായി നടക്കും. മാർഗനിർദ്ദേശവും സാങ്കേതിക സഹായവും നൽകുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ട്.
കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എ.ഡി.എം കെ.ദേവകി, അസി.കളക്ടർ എസ്. ഗൗതം രാജ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങൾ, സി.ഡി.ആർ.ഐ, സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ അഫയേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |