ആലുവ: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ മൊഴിയെ അടിസ്ഥാനമാക്കി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ലൈംഗിക ചൂഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടും അന്വേഷിക്കില്ലെന്നതാണ് സർക്കാർ നിലപാടെന്ന് സതീശൻ ആരോപിച്ചു. ആലുവയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടിൽ പേരുള്ള വമ്പൻമാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമം. പൊലീസിന് വീണ്ടും മൊഴി നൽകണമെന്നും മൊഴികളിൽ ഉറച്ചു നിൽക്കണമെന്നും പറഞ്ഞ് ഇരകളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. കോൺഗ്രസ് പോഷക സംഘടനാനേതാവിന് എതിരായ ആരോപണത്തിൽ ഉചിതമായ നടപടിയെടുക്കും. ഇത്തരത്തിലുള്ള ഒരാളും കോൺഗ്രസിലും പോഷക സംഘടനകളിലും ഉണ്ടാകില്ല.
മാദ്ധ്യമങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് വാർത്ത നൽകേണ്ടെന്നാണോ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത്? അദ്ദേഹത്തിന്റെ സഹോദരീ തുല്യരായ ആളുകൾ പരാതിയുമായി വന്നിട്ടും വാർത്തകളൊന്നും കൊടുക്കരുതെന്നും പ്രതിപക്ഷം മിണ്ടരുതെന്നുമാണ് പറയുന്നത്.
മുകേഷ് രാജി വയ്ക്കണോയെന്ന് അദ്ദേഹവും പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. ഒന്നിലധികം ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നത്. ഇത്തരം വിഷയങ്ങളോട് ഉത്തരവാദിത്വപ്പെട്ടവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കേരളീയ സമൂഹം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.
യഥാർത്ഥ കുറ്റവാളികളെ സർക്കാർ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നെങ്കിൽ സിനിമാരംഗത്തെ നിരപരാധികൾക്ക് ആക്രമണം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. കേസെടുക്കാൻ എന്താണ് തടസമെന്ന് ഹൈക്കോടതി വരെ ചോദിച്ചെന്നും സതീശൻ ചൂണ്ടികാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |