കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറി. കൊച്ചി നോർത്ത് പൊലീസാണ് രഞ്ജിത്തിനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.
2009ൽ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ വച്ച് ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്നാണ് നടിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
നടിയുടെ മൊഴി കൊൽക്കത്തയിൽ നേരിട്ടെത്തി രേഖപ്പെടുത്താനാണ് സംഘത്തിന്റെ തീരുമാനം. ഓൺലെെനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാദ്ധ്യതയും എസ്ഐടി പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച വെെകിട്ടോടെയാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദറിന് ഇ-മെയിലിൽ പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസിനു കൈമാറിയതിനു പിന്നാലെ രാത്രി എട്ടരയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ദുരനുഭവം കഥാകൃത്ത് ജോഷി ജോസഫിനോട് പങ്കുവച്ചെന്നും നടി പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോഷി ജോസഫിന്റെ മൊഴിയടക്കം അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. യുവതി പരാമർശിച്ച സിനിമയിലെ മുഴുവൻ ആളുകളുമായും അന്വേഷണസംഘം നേരിട്ട് ബന്ധപ്പെടും. നടിയുടെ വെളിപ്പെടുത്തൽ ജോഷി ജോസഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആരോപണത്തിൽ പറയുന്ന ഫ്‌ളാറ്റിലെ രേഖകളും മറ്റും അന്വേഷണത്തിനായി പരിശോധിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |