ന്യൂഡൽഹി: അതിർത്തി രാജ്യങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും അതിരുകടന്നുള്ള ഭീഷണി നേരിടാൻ ആയുധമെത്തിക്കാൻ ഇന്ത്യ. നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലുമുള്ള ഇന്ത്യൻ കാലാൾപ്പടയ്‌ക്ക് അമേരിക്കയിൽ നിന്നും 73,000 സിഗ് സോവർ അസോൾട്ട് റൈഫിളുകൾ എത്തിക്കാനാണ് ഇന്ത്യ കരാറിൽ ഒപ്പിട്ടത്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ ഭീഷണി നേരിടാൻ മുൻപ് കരസേനയ്‌ക്ക് 72,400 റൈഫിളുകൾ എത്തിച്ചതിന് പിന്നാലെയാണിത്. സിഗ്-716 പട്രോൾ റൈഫിളുകൾ മികവാർന്നവയാണ്. 500 മീറ്റർ 'കിൽ റേഞ്ച്' ഉള്ളവയാണ് ഇവ. അമേരിക്കയുമായുള്ള 837 കോടിയുടെ തുടർച്ചയായുള്ള ഓർഡറിലൂടെയാണ് ഇവ സ്വന്തമാക്കുന്നത് എന്നാണ് സൂചന.
റഷ്യൻ എകെ-203 കലാഷ്‌നിക്കോവ് റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന്റെ കാലതാമസം കാരണം അമേരിക്കൻ ആയുധ കമ്പനിയായ സിഗ് സോവറുമായി 647 കോടിയുടെ കരാർ 2019 ഫെബ്രുവരിയിൽ ഒപ്പിട്ടു. ഇതുവഴിയാണ് 72,400 റൈഫിളുകൾ ആദ്യഘട്ടത്തിൽ ലഭിച്ചത്. കരസേനയ്‌ക്ക് 66400 എണ്ണവും വായുസേനയ്‌ക്ക് 4000, നാവികസേനയ്‌ക്ക് 2000 റൈഫിളുകളുമാണ് ലഭിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നൽകുന്ന ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ (ഡിഎസി) ഇതിനുപിന്നാലെ 73000 സിഗ്-716 റൈഫിളുകൾക്ക് അനുമതി നൽകുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിലാണ് ഇതിനായി കരാറായത്.
ഇവയ്‌ക്ക് പുറമേ 2023 ഓഗസ്‌റ്റിൽ അനുമതി ലഭിച്ച 40,949 ലഘു മെഷീൻ ഗണുകളും സൈന്യത്തിന് വൈകാതെ സ്വന്തമാകും. 2165 കോടിയുടേതാണ് ഇതിന്റെ കരാർ. ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന് കീഴിൽ ഉത്തർപ്രദേശിലെ അമേഠിയിലെ കോർവ ആയുധ ഫാക്‌ടറിയിൽ യോജിപ്പിച്ച 35,000 കലാഷ്‌നിക്കോവ് എകെ-203 റൈഫിളുകൾ സൈന്യത്തിന് എത്തിച്ചത് ഈ വർഷം ആദ്യമാണ്. ആറ് ലക്ഷത്തോളം എകെ-203 റൈഫിളുകളാണ് വരുന്ന പത്ത് വർഷത്തിനകം ഇവിടെ നിർമ്മിക്കേണ്ടത്.
2018ൽ ആരംഭിച്ച എകെ-203 പ്രൊജക്‌ട് അവയുടെ നിർമ്മാണ ചെലവ്, റോയൽറ്റി, സാങ്കേതിക കൈമാറ്റം, തുടങ്ങി പലഘടകങ്ങൾ കാരണം വൈകി. എങ്കിലും ഇപ്പോൾ ലഭിച്ചിരിക്കുന്ന 11 ലക്ഷത്തോളം വരുന്ന കര-നാവിക-വ്യോമസേനാ വിഭാഗത്തിന് ഇവ സഹായകമാകുമെന്നാണ് വിലയിരുത്തൽ. 300 മീറ്റർ ദൂരം മികച്ചരീതിയിൽ വെടിയുതിർക്കാൻ എകെ-203 റൈഫിളുകൾക്കാകും. എന്നാൽ റഷ്യൻ കലാഷ്‌നിക്കോവ് എകെ-203 റൈഫിളുകളെക്കാൾ മികവാർന്നതാണ് ഇപ്പോൾ ഇന്ത്യയ്‌ക്ക് ലഭിക്കാൻ പോകുന്ന അമേരിക്കൻ നിർമ്മിത സിഗ് സോവർ അസോൾട്ട് റൈഫിളുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |