SignIn
Kerala Kaumudi Online
Monday, 28 October 2024 7.50 PM IST

ലോകത്തുള്ള മിക്കവാറും രാജ്യങ്ങളുടെ അവസ്ഥ ഇപ്പോൾ ഇതാണ്, ഇന്ത്യ മാറിച്ചിന്തിച്ചതിന് പിന്നിൽ

Increase Font Size Decrease Font Size Print Page
india

2020 ജൂണിലെ അതിർത്തി സംഘർഷത്തിനുശേഷം ഇന്ത്യ - ചൈനാ ബന്ധം സംഘർഷഭരിതവും ശത്രുതാപരവുമായിരുന്നു. നേതാക്കൾ കണ്ടാൽ പരസ്‌പരം സംസാരിക്കാത്ത അവസ്ഥ. കഴിഞ്ഞ നാലുവർഷമായി ഇരുപക്ഷത്തെയും സൈനികർ യുദ്ധസജ്ജമായി മുഖാമുഖം നിൽക്കുന്നു. എന്നാൽ മുൻപ് ഉണ്ടായിരുന്നതുപോലെ അതിർത്തിയിൽ പട്രോളിംഗ് പുന‌ഃസ്ഥാപിക്കുവാനുള്ള തീരുമാനം, ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ക്രമേണ സൈന്യത്തെ അതിർത്തിയിൽ നിന്ന് പിൻവലിക്കുവാനും സംഘർഷത്തിന് അയവു വരുത്തേണ്ടതും അനിവാര്യമാണ്. നിലവിലെ ആഗോള രാഷ്ട്രീയ - സാമ്പത്തിക സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഇത് വളരെ ഗുണം ചെയ്യും. മാത്രമല്ല ഇരു രാജ്യങ്ങളുടെ മെച്ചപ്പെട്ട ബന്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്യും.

ഇക്കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ച മെച്ചപ്പെടുവാൻ പോകുന്ന ബന്ധത്തിന്റെ തുടക്കമായി കാണാവുന്നതാണ്. കൂടിക്കാഴ്ചയിൽ സമാധാനപരവും, സ്ഥിരതയുമാർന്ന ബന്ധത്തിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറയുകയുണ്ടായി.

ആഗോള ഭൗമ രാഷ്ട്രീയം

2020-ലെ ഇന്ത്യ - ചൈനാ അതിർത്തി സംഘർഷത്തിനുശേഷം ആഗോള രാഷ്ട്രീയം വളരെ മാറിയിട്ടുണ്ട്. റഷ്യ - യുക്രെയിൻ, ഇസ്രയേൽ - പാലസ‌്‌തീൻ യുദ്ധങ്ങളുടെ ഗതി പരിശോധിച്ചാൽ ഇത് മനസ്സിലാകും. ലോക കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അമേരിക്കയുടെ ശേഷിയിൽ കാര്യമായ കുറവും സംഭവിച്ചിട്ടുണ്ട്. കിണഞ്ഞു ശ്രമിച്ചിട്ടും യുദ്ധത്തിനു പരിഹാരം ഉണ്ടാകുവാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ചൈന - റഷ്യ അച്ചുതണ്ടാണ് ഇതിന് വിഘാതമായി നിൽക്കുന്നത്. ഈ കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ പിന്തുണ അമേരിക്കയ്ക്ക് ആവശ്യമാണ്. എന്നാൽ ഇന്ത്യ പൂർണമായി ഒരു അമേരിക്കൻ സഖ്യകക്ഷിയായി മാറുവാൻ തയ്യാറല്ല. മറിച്ച് റഷ്യയും ചൈനയുമായി നല്ല ബന്ധം പുലർത്തിക്കൊണ്ട്, തങ്ങളുടെ ദേശീയ താത്‌പര്യം സംരക്ഷിക്കുവാനാണ് ശ്രമിക്കുന്നത്.

അതേസമയം അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധവും ദൃഢമായി തുടരുവാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ബഹുമുഖ സ്വതന്ത്ര വിദേശ നയത്തിന്റെ ലക്ഷ്യം ഇതു തന്നെയാണ്. ഇതു സാദ്ധ്യമാകണമെങ്കിൽ ചൈനയുമായി ബന്ധം സാധാരണ നിലയിൽ ആകണം. ഇന്ത്യ - കാനഡ ബന്ധത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളിൽ അമേരിക്ക എടുത്ത നിലപാട് ഇന്ത്യയ്ക്ക് അനുകൂലമല്ല. അതായത് ചൈനയെ പിടിച്ചുകെട്ടുവാനുള്ള ഒരു കൂട്ടാളി ആയിട്ടാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ചൈനാ വിരുദ്ധ കാര്യങ്ങളിലാണ് ഇന്ത്യയെ അമേരിക്ക പ്രധാനമായും കൂട്ടാളിയായി കാണുന്നത്. ഈ അവസ്ഥ ഇന്ത്യയ്ക്ക് ഗുണകരമല്ല. അതുകൊണ്ട് ഇന്ത്യ - ചൈന ബന്ധം സമാധാനപരമാകണം. അതിർത്തിയിലെ സമാധാന നീക്കം, അതുകൊണ്ടുതന്നെ ഇന്ത്യ - ചൈന ബന്ധത്തിന് ഗുണകരമാണ്.

സാമ്പത്തിക സാദ്ധ്യതകൾ

ലോക സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ആഗോളവത്ക്കരണത്തിന്റെ വക്താക്കൾ ആയിരുന്നവർ ഇന്ന് ഉപരോധങ്ങളുടെയും നികുതി വർദ്ധനവിന്റെയും നയങ്ങളാണ് തുടരുന്നത്. ചൈനയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുവാൻ വലിയ ശ്രമങ്ങളാണ് അമേരിക്കയും മറ്റും നടത്തുന്നത്. ഇന്ത്യ, ഈ ചൈനാ ബഹിഷ്‌കരണത്തിന്റെ ഭാഗമാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് ഇന്ത്യയ്ക്ക് ഗുണകരമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഇന്ത്യ - ചൈനാ അതിർത്തി സംഘർഷത്തിനുശേഷം, ചൈനയുമായിട്ടുള്ള സാമ്പത്തിക സഹകരണം കുറയുവാൻ ചില നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഈ കാലയളവിൽ വർദ്ധിക്കുകയാണ് ചെയ്തത്. 2020-ൽ 65 ബില്യൺ ചൈനീസ് ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെങ്കിൽ, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അത് 102 ബില്യൺ ആയി ഉയർന്നു. അതേസമയം കയറ്റുമതി കാര്യമായി ഉയർന്നതുമില്ല. ലോകത്തുള്ള മിക്കവാറും രാജ്യങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്. അതായത് നിലവിൽ ചൈനയെ മാറ്റിനിറുത്തിക്കൊണ്ട് സാമ്പത്തികമായി വളരുക പ്രയാസമാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടുന്ന ക്രെയിനുകൾ ചൈനയിൽ നിന്നു ഇറക്കുമതി ചെയ്തത് ഇതിന്റെ തെളിവാണ്.

എന്നാൽ പല നിക്ഷേപ മേഖലകളിൽ നിന്നും ചൈനയെ മാറ്റിനിറുത്തുവാൻ അമേരിക്ക തീരുമാനിച്ചുകഴിഞ്ഞു. ഈ അവസരം മുതലാക്കി ചൈനീസ്, നിക്ഷേപം സ്വീകരിച്ചുകൊണ്ട്, ഇന്ത്യയുടെ 'Make in India' പദ്ധതിയെ ശക്തിപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഇന്ത്യ സർക്കാരിന്റെ വാർഷിക സാമ്പത്തിക സർവേ പറയുന്നത്. അതായത് ചില പാശ്ചാത്യ രാജ്യങ്ങൾ, ചൈനീസ് നിക്ഷേപത്തിന് തടയിടുമ്പോൾ, ഇന്ത്യ ഈ അവസരത്തിൽ, ചൈനീസ് നിക്ഷേപം സ്വീകരിച്ച് ഉത്പാദനം ശക്തിപ്പെടുത്തി, കയറ്റുമതി വർദ്ധിപ്പിക്കണമെന്നതാണ് വാദം. റഷ്യ - യുക്രെയിൻ സംഘർഷത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങി നേട്ടം ഉണ്ടാക്കിയതിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ - ചൈനാ അതിർത്തി തർക്കങ്ങൾ സംഘർഷരഹിതമായാൽ സാമ്പത്തികമായും നേട്ടം ഇരുകൂട്ടർക്കും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുപോലെ തന്നെ ബന്ധം മെച്ചപ്പെടുമ്പോൾ, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ ശക്തി കൈവരും. അമേരിക്കയോടും, റഷ്യയോടും ഒക്കെ തന്നെ കൂടുതൽ സ്വാതന്ത്ര്യ‌‌ത്തോടും, ഉപാധികളോടും കൂടി ഇടപെട്ട് നമ്മുടെ ദേശീയ താത്പര്യം സംരക്ഷിക്കുവാൻ കഴിയും. ചൈനയെ സംബന്ധിച്ചും ഇന്ത്യയുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത്, മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൽ അനിവാര്യമാണ്. പാശ്ചാത്യ ശക്തികൾ അകറ്റിനിറുത്തുമ്പോൾ, വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായിട്ടുള്ള ബന്ധം ചൈനയ്ക്ക് വളരെ ഗുണം ചെയ്യും. ഇക്കാരണങ്ങളാൽ, അതിർത്തിയിലെ സഹകരണം, ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്തുവാനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHINA, INDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.