എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഉയർന്നതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ വായു മലിനീകരണമുള്ള നഗരമായി മാറിയിരിക്കുകയാണ് പാകിസ്ഥാനിലെ ലാഹോർ. പ്രവിശ്യാ സർക്കാരിന്റെയും സ്വിസ് മോണിറ്ററിംഗ് ഗ്രൂപ്പായ ഐക്യുഎയറിന്റെയും കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം പാകിസ്ഥാൻ - ഇന്ത്യ അതിർത്തിയിൽ മലിനീകരണം 1900 എന്ന റെക്കോർഡ് സംഖ്യയിലെത്തി. ഇതോടെ ആഗോളതലത്തിൽ ഏറ്റവും മലിനമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ലാഹോറെത്തി. എന്നാൽ, മലിനീകരണ തോത് വർദ്ധിച്ചതോടെ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് പാകിസ്ഥാൻ സർക്കാർ.
ജീവന് പോലും ആപത്തായ മലിനീകരണം
യൂണിവേഴ്സിറ്റി ഒഫ് ചിക്കാഗോയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്‌ത സുരക്ഷാ പരിധിക്കപ്പുറത്തേക്ക് മലിനീകരണത്തിന്റെ തോത് വർദ്ധിച്ചതിനാൽ ലാഹോറിലെ ജനങ്ങളുടെ ആയുർദൈർഘ്യം ശരാശരി 7.5 വർഷം കുറയുമെന്നാണ് വിലയിരുത്തൽ.
യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) കണക്കുകൾ പ്രകാരം, ദക്ഷിണേഷ്യയിൽ ഏകദേശം 600 ദശലക്ഷം കുട്ടികൾ അപകടകരമാം വിധം ഉയർന്ന വായു മലിനീകരണം കാരണം രോഗബാധിതരായിട്ടുണ്ട് എന്നാണ്. ലാഹോറിലെ വായുവിന്റെ ഗുണനിലവാരം അടിക്കടി കുറയുന്നതിനാൽ പ്രദേശത്ത് സർക്കാർ 'ഗ്രീൻ ലോക്ക്‌ഡൗൺ ' നടപ്പിലാക്കി. സ്‌കൂളുകൾ ഒരാഴ്‌ചത്തേക്ക് അടച്ചിട്ടു. കുട്ടികൾ മാസ്‌ക് വയ്‌ക്കുന്നുവെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് നിർദേശം നൽകി.
ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്നും വാതിലും ജനലുകളും അടച്ചിടാനും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. ആശുപത്രികളിൽ പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അവിടത്തെ മന്ത്രി പറയുന്നത്. വാഹനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണം തടയാൻ 50 ശതമാനത്തോളം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കാനായി റിക്ഷകൾ നിരോധിക്കുക, നിർമാണം നിർത്തിവയ്‌ക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ലാഹോറിലുടനീളമുള്ള കുട്ടികൾ 2025 ജനുവരി വരെ വീടിന് പുറത്തിറങ്ങി കളിക്കുന്നത് കുറയ്‌ക്കണമെന്ന് കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു. സ്‌കൂൾ സമയത്തിൽ പോലും അന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്ഥാൻ
'ദിശയനുസരിച്ച് അതിർത്തിയിൽ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കാണ് കാറ്റിന്റെ സഞ്ചാരം. എന്നിട്ടും ഇന്ത്യ ഈ പ്രശ്‌നത്തെ ഗൗരവമായി എടുക്കുന്നുവെന്ന് തോന്നുന്നില്ല', പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഇൻഫർമേഷൻ മന്ത്രി അസ്‌മ ബൊഖാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ അധികൃതർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു.
പുകമഞ്ഞിന്റെ കണക്ക് പ്രകാരം ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലാഹോറാണ്. ഡൽഹിയുടെ വായു ഗുണനിലവാര സൂചിക ഏകദേശം 393 ആണ്. ലാഹോറിന്റേത് 280നടുത്താണ്. 26 വർഷമായി തങ്ങളും പുകമഞ്ഞിനെ നേരിടുന്നുണ്ടെന്നാണ് ചൈന പറയുന്നത്.
അതിനിടെ, പാകിസ്ഥാൻ വിദേശകാര്യ ഓഫീസിനോട് വിഷയം ഇന്ത്യയെ അറിയിക്കാൻ ആവശ്യപ്പെടുമെന്ന് പഞ്ചാബ് മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. വിദേശകാര്യ ഓഫീസ് വഴി ന്യൂഡൽഹിയുമായി ഔദ്യോഗികമായി ആശയവിനിമയം നടത്താൻ പഞ്ചാബ് പദ്ധതിയിടുന്നതായും പരിസ്ഥിതി വകുപ്പ് മന്ത്രി ഔറംഗസേബ് പറഞ്ഞു. ഇതൊരു രാഷ്‌ട്രീയ പ്രശ്‌മനല്ല, മാനുഷിക പ്രശ്‌നമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായു ഗുണനിലവാരം മോശമായതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഒക്‌ടോബറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നത്തെ പാകിസ്ഥാൻ പഞ്ചാബ് മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞത്, ഇന്ത്യൻ പഞ്ചാബിൽ കൃഷിക്ക് ശേഷം വിളകളുടെ അവശിഷ്‌ടങ്ങൾ പാടത്തിട്ട് കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |