പരിശോധിക്കാൻ നടികർ സംഘത്തിന്റെ സമിതി
ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം പത്തു ദിവസത്തിനകം കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറിയായ നടൻ വിശാൽ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ കോളിളക്കമുണ്ടാക്കുന്ന വിവാദങ്ങളെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്മിറ്റി രൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇത് നടികർ സംഘത്തിന്റെ കടമയാണ്. സംഘടന സിനിമയിലെ പുരുഷന്മാർക്ക് മാത്രമുള്ളതല്ല. സ്ത്രീകൾക്കും വേണ്ടിയുള്ളതാണ്. സ്ത്രീകളെ ബഹുമാനിക്കാതെ മോശം ആവശ്യങ്ങളുമായി സമീപിക്കുന്ന പുരുഷന്മാർ തമിഴ് സിനിമയിലുമുണ്ട്. സ്ത്രീകൾ കരുതിയിരിക്കണം. നടികൾക്ക് ബൗൺസർമാരെ നിയമിക്കേണ്ട അവസ്ഥയാണ്. അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണമെന്നും വിശാൽ പറഞ്ഞു.
പ്രൊഡക്‌ഷൻ കമ്പനി നിയമാനുസൃതമാണോ എന്നും അവർ അവകാശപ്പെടുന്നത് പോലെ സിനിമ ചെയ്യുന്നുണ്ടോ എന്നും നടിമാർ പരിശോധിക്കണം. അഭിനയിക്കാൻ കരാറൊപ്പിടും മുൻപ് ഇതെല്ലാം പരിശോധിക്കണം. നടിമാർ നിർഭയരും മോശം ഉദ്ദേശ്യത്തോടെ വരുന്നവരെ ചെരിപ്പൂരി അടിക്കാൻ പ്രാപ്തരും ആവണം - വിശാൽ പറഞ്ഞു.
പിറന്നാൾ പ്രമാണിച്ചാണ് വിശാൽ മാദ്ധ്യമങ്ങളെ കണ്ടത്.
തെറ്റു ചെയ്തവർക്ക് ജയിൽ
ജയസൂര്യ, സിദ്ദിഖ്, മുകേഷ് തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വിശാലിന്റെ പ്രതികരണം ഇങ്ങനെ: "തെറ്റ് ചെയ്തെങ്കിൽ ഉറപ്പായും ജയിലിലിടണം. ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ച ശേഷം എങ്ങനെയാണ് അവർ സന്തോഷത്തോടെ ജീവിക്കുക? ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ അവർ അനുഭവിച്ചേ മതിയാവൂ."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |