കൈകൾക്കൊണ്ടും മറ്റ് ശരീരഭാഗങ്ങൾക്കൊണ്ടും ആംഗ്യം കാണിച്ച് ആശയവിനിമയം നടത്തുന്ന ആംഗ്യഭാഷ എല്ലാവർക്കും അറിയണമെന്നില്ല. സമയമെടുത്ത് പഠിക്കാൻ തീരുമാനിച്ചാൽ അനായാസം പഠിച്ചെടുക്കാൻ ഒരുപക്ഷേ സാധിച്ചേക്കാം. എന്നാൽ ആംഗ്യഭാഷ അറിയാത്തവർക്കും അത് ഉപയോഗിക്കുന്ന ആളുകളുടെ സംഭാഷണം എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചാലോ? അങ്ങനെ കൈകളുടെ ആംഗ്യങ്ങളെ ശബ്ദമാക്കി മാറ്റി സംഭാഷണങ്ങളെ കൂടുതൽ എളുപ്പത്തിലാക്കി മാറ്റുകയാണ് തിരുവനന്തുപുരം ബാർട്ടൻഹിൽ എൻജിനിയറിംഗ് കോളേജിലെ ഇൻഫർമേഷൻ ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിയായ വിമുൻ വികസിപ്പിച്ച ജെസ്‌ടോക്ക് എന്ന റോബോട്ട്.
പാലക്കാട് സ്വദേശിയായ വിമുൻ 2019ൽ ഡിപ്ലോമ കോഴ്സ് ചെയ്യുന്ന സമയത്ത് ചെയ്ത പ്രോജക്ടിറ്റിന്റെ ബാക്കിയാണ് ഇന്ന് കാണുന്ന ജെസ്‌ടോക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ റോബോട്ടിന്റെ പ്രവർത്തനം. കൈയുടെ ചലനം സെൻസ് ചെയ്ത് മനസിലാക്കാൻ സാധിക്കുന്ന സെൻസറുകളുടെയും മൈക്രോകൺട്രോളറുകളുടെയും സഹായത്തോടെയാണ് ജെസ്‌ടോക്കിന്റെ പ്രവർത്തനം. കൈയുടെ ചലനം ശബ്ദമായും ചിത്രങ്ങളായും എഴുത്തായും പരിവർത്തനം ചെയ്യാൻ സാധിക്കും.
ഭാവിയിൽ ഒട്ടേറെ പേർക്ക് സഹായമാകമാകുന്ന സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ ഉടൻ പുറത്തിറങ്ങും. ഈ റോബോട്ടിന് പേറ്റന്റ് ലഭിക്കാനുള്ള ശ്രമത്തിലാണ് വിമുൻ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്‌ഫോക്സ് റോബോട്ടിക്സ് എന്ന കമ്പനിയുടെ കീഴിലാണ് ഇപ്പോൾ ജെസ്‌ടോക്കിനെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസാര ശേഷി ഇല്ലാത്തവർക്കും മറ്റ് അവശതകൾ അനുഭവിക്കുന്നവർക്കും എളുപ്പത്തിൽ ആശയ വിനിമയം നടത്താൻ ഈ റോബോട്ടിനക്കൊണ്ട് സാധിക്കും. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ഈ റോബോട്ടിന് സംസാരിക്കാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
സാങ്കിതികവിദ്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മത്സങ്ങളിൽ 44 തവണ വിജയം നേടിയതിന്റെ ലോക റെക്കോഡ് വിമുന്റെ പേരിലുണ്ട്. രണ്ട് ഏഷ്യാ ബുക്ക്സ് റെക്കോഡും രണ്ട് ഇന്ത്യൻ ബുക്കിസ് റെക്കോർഡും വിമുന് സ്വന്തം. ഒരു റോബോട്ട് നിർമ്മിക്കാൻ 5000 രൂപ വരെ ചെലവ് വരുമെന്നാണ് വിമുൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |