ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർ നിരീക്ഷണത്തിൽ തുടരുന്നത് അസ്വീകാര്യമായ നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്ര വളപ്പിലുണ്ടായ അക്രമത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഇന്ത്യ ജസ്റ്റിൻ ട്രൂഡോ സർക്കാരിനോട് ആവശ്യപ്പെട്ടു
ഒരു വർഷമായി കാനഡയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഭീഷണിയും ഉപദ്രവവും നേരിടുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.കഴിഞ്ഞ ദിവസം അക്രമമുണ്ടായ കോൺസുലർ ക്യാമ്പ് നടക്കുന്നിടത്ത് നയതന്ത്രജ്ഞർക്ക് സുരക്ഷ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കാനഡ അംഗീകരിച്ചില്ല. ഇത്തരം ഭീഷണികൾ വർദ്ധിച്ചുവരികയാണ്. വിഷയം കാനഡയുമായി സംസാരിച്ചതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കി. ബ്രാംപ്ടണിലെ ക്ഷേത്രവളപ്പിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല അക്രമ സംഭവങ്ങളെയും ജയ്‌സ്വാൾ അപലപിച്ചു. അവിടെ ഹിന്ദുക്കൾ ആക്രമണങ്ങൾക്ക് വിധേയമാകുകയും സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയും ചെയ്‌തു. ഹിന്ദു മത സംഘടനകളെ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ സമൂഹമാദ്ധ്യമ പോസ്റ്റുകളെ തുടർന്നാണിത്.
ജയശങ്കറിന്റെ പത്രസമ്മേളന വാർത്തയ്‌ക്ക് നിരോധനം
അതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗും നടത്തിയ പത്രസമ്മേളന വാർത്തകൾ ആസ്ട്രേലിയൻ ടുഡേ എന്ന മാദ്ധ്യമത്തിന്റെ അക്കൗണ്ടിൽ നിന്ന് കാനഡ നീക്കം ചെയ്തതിൽ പ്രതിഷേധം. അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കാനഡയുടെ കാപട്യം വ്യക്തമാക്കുന്ന നടപടിയാണിതെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |