SignIn
Kerala Kaumudi Online
Sunday, 01 September 2024 5.57 AM IST

ഔട്ട് കംപ്ലീറ്റ്‌ലി...

Increase Font Size Decrease Font Size Print Page
a

'കാറെഞ്ചിൻ ഔട്ട് കംപ്ലീറ്റ്‌ലി" എന്ന് കെ ആൻഡ് കെ ആട്ടോമൊബൈൽസ് പ്രൊപ്പറൈറ്റർ മനോഹരൻ സാർ പറഞ്ഞതുപോലെയായി കാര്യങ്ങൾ. ശുദ്ധനായ കണ്ണൂർ സഖാവ് ഇ.പി 'ഔട്ട് കംപ്ലീറ്റ്‌ലി". പീഡനക്കേസിലോ എന്തെങ്കിലുമൊക്കെ കടത്തിയ കേസിലോ ആരോപണ വിധേയനായിട്ടില്ലെങ്കിലും സഖാവ് പുറത്തായി. ഡോർ കേടായ കോണ്ടെസ കാറിന്റെ എൻജിനടക്കം ഊരിയെടുത്ത വർക്ക്‌ഷോപ്പ് മുതലാളിയായി അരം+ അരം= കിന്നരം എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ പറഞ്ഞ ഡയലോഗ് പതിറ്റാണ്ടുകൾക്ക് ശേഷം പ്രസക്തമാവുകയാണെന്ന് ഇന്നോവ കാർ ഇഷ്ടപ്പെടാത്ത ചില പഴഞ്ചൻ സഖാക്കൾ രഹസ്യമായി പ്രതികരിക്കുന്നു. പീഡനക്കേസിൽ കുടുങ്ങിയ കോൺഗ്രസ് നേതാക്കൾ രാജിവയ്ക്കാതെ ആദർശം പ്രസംഗിക്കുമ്പോൾ ചില പെറ്റിക്കേസുകളിൽ കുടുങ്ങിയ സിനിമാ നടന്മാരടക്കമുള്ള ഉത്തമസഖാക്കൾ എന്തിനു രാജിവയ്ക്കണമെന്നു ചോദിച്ച് ആദർശരാഷ്ട്രീയത്തിനായി വാദിച്ചതിനു തൊട്ടുപിന്നാലെയാണ് കൊമ്പൻമീശയുള്ള സഖാവ് വെറും 'ശശി"യായത്. ഒരുകാലത്ത്, കൊണ്ടും കൊടുത്തും വളർന്നുവന്ന ഇ.പി സഖാവ് ഒടുവിൽ പാർട്ടിയിൽ ഗെറ്റൗട്ട് ഫ്രം ദി കൺട്രിയായി.

ക്ഷീണിച്ചയൊരാൾ വീട്ടിൽ കയറിവന്ന് ഒരു ചായയും ചെറുകടിയും തരാമോയെന്ന് ചോദിച്ചപ്പോൾ വിളിച്ചിരുത്തി കണ്ണൂരെ കിണ്ണത്തപ്പവും ഏലക്ക ചേർത്ത സുലൈമാനിയും കൊടുത്തതാണ് കേസായത്. വന്നു കയറിയ പഹയനൊരു മാരീചനായിരുന്നെന്ന് ശിവശിവ..., ആരറിഞ്ഞു. ശ്രീരാമനെയും ലക്ഷ്ണനെയും സീതയെയും പറ്റിക്കാൻ ഭീകരനായ രാവണൻജി ലങ്കയിൽ നിന്നയച്ച മാരീചൻ എന്ന മായാവി രാക്ഷസൻ സുന്ദരനായൊരു മാനായി വന്നപോലെയാണ് സംഘി നേതാവ് പ്രകാശ് ജാവഡേക്കർ എത്തിയത്. ഓന്റെ ഭാഷ നമുക്കും നമ്മുടെ ഭാഷ ഓനും പിടികിട്ടിയില്ലെങ്കിലും കുറേനേരം സംസാരിച്ചിരുന്നു. റഷ്യൻ വിപ്ലവം, സോവിയറ്റ് യൂണിയനിൽ നിന്ന് കമ്മ്യൂണിസത്തെ കെട്ടുകെട്ടിച്ച ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക എന്നീ ഏർപ്പാടുകൾക്കു പിന്നിലെ അമേരിക്കൻ കളികൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. ഇതിനിടെ, ആർ.എസ്.എസ് ശാഖകളിലെ കബഡികളി കൊള്ളാമെന്ന് സഖാവൊന്നു പറഞ്ഞുപോയി. എതിരാളികളുടെ കാലുവാരി നിലംപരിശാക്കുന്ന പരിപാടി ഇഷ്ടപ്പെടാത്ത ആരുണ്ട്. എന്നാപ്പിന്നെ നമുക്കൊരു കളികളിച്ചാലോ എന്നായി ജാവഡേക്കർ. നിലവിലെ ഗവർണർമാരെല്ലാം നല്ല കബഡികളിക്കാരാണെന്നും പറഞ്ഞു. ഇതിന്റെ പേരിലാണ് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ചെവിക്കുപിടിച്ചു പുറത്താക്കിയത്. രാജിവച്ച് പൊയ്‌ക്കോളാമെന്നു പറഞ്ഞിട്ടുപോലും ആസ്ഥാന വിദ്വാൻമാർ കേട്ടില്ല. ഒരു വെടിയുണ്ടയുടെ പോയിട്ട് എള്ളുണ്ടയുടെ വിലപോലും തന്നില്ല. പാപിയുമായി ശിവൻ കൂട്ടുകൂടിയാൽ ശിവനും പാപിയായിടുമെന്ന് മുഖ്യസഖാവ് അന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. വെറുതെ ഒരാൾ ഓടിപ്പാഞ്ഞെത്തി ചായകുടിക്കാൻ ഇ.പി.ജയരാജൻ ചായക്കട നടത്തുന്നുണ്ടോയെന്ന് ചോദിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എരിവും പുളിയും ചേർത്തപ്പോൾ വിവാദം കത്തിപ്പടർന്നു.

സ്നേഹമുള്ള സഖാവ്

പാർട്ടിയിൽ ഇനി തുടർന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാൽ ഇ.പി സഖാവ് കബഡികളിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് സംഘികളുടെ പ്രതീക്ഷ.

കൊച്ചുസഖാക്കൾക്ക് ചിറ്റപ്പനെപ്പോലെയും വലിയ സഖാക്കൾക്ക് വല്യച്ഛനെപ്പോലെയുമായിരുന്നു ഇ.പി സഖാവ് എന്ന് കോൺഗ്രസുകാർക്കും അറിയാം. സ്‌നേഹമുള്ള ചിറ്റപ്പനെ നോക്കി യൂത്തുകോൺഗ്രസുകാർ അസൂയയോടെ നെടുവീർപ്പിട്ടിട്ടുണ്ട്. ആ സ്‌നേഹം ഇനിയാർക്കുകിട്ടും എന്ന ചർച്ചയിലാണ് കോൺഗ്രസുകാർ. നിലവിൽ അതിനുള്ള യോഗം ഖദറുകാർക്കില്ല.

ഇ.പിയുടെ വീട്ടിൽ ജാവഡേക്കർ ചായ കുടിക്കാൻ കയറിയത് ആലപ്പുഴയിൽ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന നേതാവ് ശോഭാ സുരേന്ദ്രനാണ് വിളിച്ചുപറഞ്ഞത്. കോടിയേരിയുടെ വിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടാത്തതിൽ ഇ.പിക്ക് അമർഷമുണ്ടായിരുന്നെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ആയിരുന്നു ശോഭയുടെ താങ്ങ്.

ഇ.പിയുടെ ഭാര്യ പി.കെ. ഇന്ദിരയ്ക്കു പങ്കാളിത്തമുള്ള മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും അദ്ദേഹത്തിന്റെ ചാഞ്ചാട്ടം വ്യക്തമാക്കിയെന്നാണ് പാർട്ടിയിലെ പ്രമുഖരുടെ കണ്ടെത്തൽ. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവുമായി ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഭാര്യമാർ തമ്മിലുള്ള അടുപ്പത്തിന് ഭർത്താക്കന്മാർ എന്തുപിഴച്ചെന്നായിരുന്നു ഇതിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. നേതാക്കളുടെ മുറിയിലെ ചവറ്റുകുട്ടയിൽ വരെ റെക്കാർഡർവച്ച് വിവരങ്ങൾ ചോർത്താൻ കഴിയുന്ന പ്രസ്ഥാനമാണിതെന്ന് ഇ.പി മറന്നുപോയി.

'ശശികല" മാറാൻ

കളഭം തൊടുമോ?​
ഇ.പി സഖാവിന് കണ്ടകശനിയാണെന്നും അത് കൊണ്ടേപോകൂ എന്നുമാണ് മലബാറിലെ ചില പ്രമുഖ ജ്യോത്സ്യൻമാരുടെ നിരീക്ഷണം. മുഖത്ത് ഗുളികന്റെ വലയമുണ്ടോയെന്ന സംശയം ഇല്ലാതില്ല. നെറ്റിയിൽ ഗുരുവായൂരപ്പന്റെ കളഭവും അതിനോട് ചേർന്ന് മൂകാംബികയിലെ സിന്ദൂരവും അണിഞ്ഞാൽ എല്ലാ സങ്കടങ്ങളും മാറുമെന്ന് ഇ.പിയുടെ അടുപ്പക്കാരോട് ബി.ജെ.പിയിലെ കെ.സുരേന്ദ്രൻജി പറഞ്ഞതായാണ് സൂചന. ഇ.പിയുടെ മുഖത്തിന് അത് നന്നായി ചേരുമെന്ന് ശോഭാ സുരേന്ദ്രനും പറഞ്ഞു. സ്ഥാനം പോയ വെറുമൊരു അണ്ണാനായി പാർട്ടിയിൽ തുടരണോ അതോ ഗവർണറെന്ന സിംഹമാകണോ എന്ന ചോദ്യവും അശരീരിയായി ഉയരുന്നുണ്ട്.

എന്തൊക്കെയായാലും ഹിന്ദി അറിയാത്തത് വലിയൊരു പ്രശ്‌നം തന്നെയാണ്. ഇംഗ്ലീഷ് അറിയാത്ത ഹിന്ദിക്കാർ ഓരോന്നു പറയുകയും ബഹുമാനത്തിന്റെ പേരിൽ നമ്മൾ തലകുലുക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. സ്‌ക്രീനിലെ നിഴൽ രൂപങ്ങൾ പാർട്ടിയിൽ നായകന്മാരാവുകയും അരങ്ങിലെ ഒറിജിനൽ സഖാക്കൾ 'ശശി"
ആവുകയും ചെയ്യുന്ന കലികാലത്ത് ഇതിലപ്പുറവും സംഭവിക്കുമെന്ന് റിസോർട്ട് ഉടമകളല്ലാത്ത ചില സഖാക്കൾ സങ്കടപ്പെടുന്നു.

മുഖ്യമന്ത്രി എന്തു ചോദിച്ചാലും കൈനിറയെ കൊടുക്കുന്ന പ്രധാനമന്ത്രിയുള്ളപ്പോൾ ഇ.പി സഖാവ് സുരക്ഷിത കരങ്ങളിലെത്തുമെന്ന് ആശ്വസിക്കുന്നവരും പാർട്ടിയിലുണ്ട്. കണ്ണൂരെ പുലികളായ ജയരാജന്മാരിൽ മസിൽമാൻ ജയനാണ് ഇ.പി.

എം.വി.ജയരാജനും പി. ജയരാജനും ഇത്രയും തലപ്പൊക്കമുണ്ടോയെന്നു ചോദിച്ചാൽ ലേശം കുറവുണ്ട് എന്നു തന്നെയാണ് മറുപടി. കണ്ണൂരുകാർ മുൻശുണ്ഠിയുള്ളവരാണെങ്കിലും മനസിൽ നന്മമാത്രം ഉള്ളവരാണെന്ന് സകലർക്കും അറിയാം. അതുകൊണ്ട് ഇ.പിക്ക് നല്ലതേ വരൂ എന്ന് പലരും ആശ്വസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.