കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായുള്ള ഇ.പി.ജയരാജന്റെ സൗഹൃദത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത് പാപിയോടൊപ്പം കൂടിയാൽ ശിവനും പാപിയാകും എന്ന് ചൊല്ല് ഉപയോഗിച്ചായിരുന്നു. ഇ.പിക്കെതിരെ നടപടി ഉറപ്പെന്ന സൂചനയാണ് അതിലടങ്ങിയിരുന്നത്.ഇത്രയും കാലം വിവാദങ്ങളിൽ കുടുങ്ങുമ്പോൾ പാർട്ടിയിലെ എതിരാളികൾക്ക് ഒരു പരിധിക്കപ്പുറം എതിർക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം, മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനായിരുന്നു.
മുമ്പും പാർട്ടിയോട് പിണങ്ങിയിട്ടുണ്ട്. അപ്പോഴെല്ലാം അനുനയിപ്പിച്ചു . എന്നാൽ ജാവ്ദേകറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലോക്‌സഭാ വോട്ടെടുപ്പ് ദിവസം തുറന്നു സമ്മതിച്ചത് പാർട്ടിക്കേറ്റ പ്രഹരമായിരുന്നു.
പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത്. സമ്മേളനങ്ങളിലേക്ക് കടന്നാൽ പാർട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം വരെ നടപടികളുണ്ടാകാറില്ല. നടപടി നേരത്തെ ആലോചിച്ചുറപ്പിച്ചതാണെന്ന് ഇതിൽ നിന്ന് വ്യക്തം.
മന്ത്രിയായിരിക്കുമ്പോഴുണ്ടായ
ബന്ധുനിയമന വിവാദം തൊട്ടാണ് ഇ.പിക്ക് 'കണ്ണൂർ ലോബിയുടെ' പിന്തുണ കുറഞ്ഞുതുടങ്ങിയത്. ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സംസ്ഥാനസമിതിയിൽ ഉന്നയിച്ചത് പി.ജയരാജനാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മോഹിച്ചത് സെക്രട്ടറിപദം
സി.പി.എം രാഷ്ട്രീയത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാൽ ഇ.പി ജയരാജനായിരുന്നു പ്രാമുഖ്യം. കോടിയേരിയുടെ വിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി സ്ഥാനം എന്ന കിട്ടാതെ വന്നതോടെ പാർട്ടിയുമായി ഇടയുകയായിരുന്നു. പോളിറ്റ് ബ്യൂറോയിലും അവസരം കിട്ടാത്തത് അകൽച്ച വർദ്ധിപ്പിച്ചു.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ
സംസ്ഥാനതലത്തിൽ ഏകോപനം നിർവഹിക്കേണ്ട നേതാവായിട്ടും കാസർകോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് ഒതുങ്ങുകയായിരുന്നു. എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധയാത്രയിൽ അനാരോഗ്യം ചൂണ്ടിക്കാട്ടി മാറിനിന്ന എൽ.ഡി.എഫ് കൺവീനർ കൊച്ചിയിലെത്തി വിവാദ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചതും ഇ.പിയുടെ പ്രതിഷേധമായാണ് വിലയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |