അഹമ്മദാബാദ്: ന്യൂനമർദ്ദത്താൽ പെയ്ത കനത്ത മഴയിൽ മുങ്ങിയ ഗുജറാത്തിൽ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. കഴിഞ്ഞ കുറച്ചുദിവസമായി കനത്ത മഴ തുടരുന്നതോടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇതുവരെ 26 പേർ മരിച്ചു. 18,000 പേരെ മാറ്റിപ്പാർപ്പിച്ചു. 1200 പേരെ രക്ഷപ്പെടുത്തി. നദികൾ കര കവിഞ്ഞൊഴുകുകയാണ്. അതിനിടെ അസ്ന ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടതോടെ കനത്ത ജാഗ്രതയിലാണ്.ജാംനഗറിൽ ഏഴ് പേർ മരിച്ചു. 514 കന്നുകാലികൾ വെള്ളപ്പൊക്കത്തിൽ ചത്തു. സൗരാഷ്ട്ര, കച്ച് മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. വെള്ളപ്പൊക്കം കുറഞ്ഞ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അസ്‌നയെ തുടർന്ന് ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും നൽകി. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഢ്, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. കർണാടകയുടെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
1944ന് ശേഷം ആഗസ്റ്റിൽ അറബിക്കടലിൽ രൂപം കൊണ്ട നാലാം ചുഴലിക്കാറ്റാണ് അസ്‌ന. 1944, 1964, 1976 വർഷങ്ങളിലും ഈ ചുഴലിക്കാറ്റ് ഉണ്ടായി.
ആന്ധ്രയിൽ 7 മരണം
അതിനിടെ, ആന്ധ്ര പ്രദേശിൽ മഴക്കെടുതിയിൽ ഏഴ് പേർ മരിച്ചു. വിജയവാഡയിൽ മണ്ണിടിച്ചിലിലാണ് മരണമുണ്ടായത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |