ചണ്ഡീഗഢ്: കന്നുകാലി കടത്തുകാരാനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പന്ത്രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഫരീദാബാദിലൽ ഓഗസ്റ്റ് 23 നായിരുന്നു സംഭവം നടന്നത്. കൗമാരക്കാരനായ ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്.
അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ആര്യനും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുകയായിരുന്നു. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച പ്രതികൾ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം ഡൽഹി - ആഗ്ര ദേശീയ പാതയിൽ 30 കിലോമീറ്ററോളം ഇവരെ പിന്തുടർന്നു. ഇതിനുപിന്നാലെയാണ് അരുംകൊല നടന്നതെന്ന് പൊലീസ് അറിയിച്ചു.
റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഇതിനുപിന്നാലെ പ്രതികൾ കന്നുകാലി കടത്തുകാരെ തെരയാനിറങ്ങി.ഇതിനിടയിലാണ് പട്ടേൽ ചൗക്കിൽ ആര്യനും സംഘവും സഞ്ചരിച്ച കാർ കണ്ടത്.
തുടർന്ന് പ്രതികൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അപകടം മണത്തതിനാൽ ആര്യനും സുഹൃത്തുക്കളും വണ്ടി നിർത്തിയില്ല. കാർ നിർത്താതെ പോയതോടെ പിന്തുടർന്നു. തുടർന്ന് പ്രതികൾ കാറിന് നേരെ വെടിയുതിർത്തു. ഇതിനിടയിൽ ആര്യന് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആര്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |