SignIn
Kerala Kaumudi Online
Monday, 14 October 2024 4.02 AM IST

മോദിയെപ്പോലും ആരാധകനാക്കിയ റീന; ബാങ്കുകൾക്കുണ്ടാക്കിയ ലാഭം കോടികൾ, കൈകാര്യം ചെയ്യുന്നത് 2000 അക്കൗണ്ടുകൾ

Increase Font Size Decrease Font Size Print Page
modi-reena

ബാങ്കിംഗ് മേഖലയിലെ ജോലി എന്നത് വളരെയധികം ശ്രദ്ധ വേണ്ടതും സമ്മർദം ഉള്ളതുമാണ്. പലപ്പോഴും ധാരാളം സ്റ്റാഫുകളെയും ഇതിന് ആവശ്യമായി വരും. പ്രത്യേകിച്ച് ഇന്റർനെറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ. ഇങ്ങനെയൊരു സാഹചര്യത്തിൽ കഠിനപരിശ്രമം കൊണ്ട് ബാങ്കുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് റീന കുമാരി. ഗ്രാമത്തിലെ 'ബിസി സഖി'യാണ് റീന. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഇവരുടെ വലിയ ആരാധകനാണ്.

ആരാണ് ബിസി സഖി?

വനിതകൾക്കായുള്ള ബിസിനസ് കറസ്‌പോണ്ടന്റ് പ്രോഗ്രാമാണ് ബിസി സഖി. കൊവിഡ് വ്യാപനം സാധാരണ ജീവിതത്തെ താറുമാറാക്കിയപ്പോൾ 2020ൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി അവതരിപ്പിച്ചത്. ഗ്രാമത്തിൽ താമസിക്കുന്നവർക്ക് ബാങ്കിംഗ് സേവനങ്ങൾ എളുപ്പമാക്കുക മാത്രമല്ല. ഇതിലൂടെ നിരവധി സ്‌ത്രീകൾക്ക് തൊഴിലും ലഭിച്ചു.

ജോലിക്ക് അപേക്ഷിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ബിസി സഖിയായി നിയമിക്കും. ഇവർക്ക് ആദ്യ ആറ് മാസം 4000 രൂപ വീതം നൽകും. കൂടാതെ ബാങ്കിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിന് 50,000 രൂപയും ബാങ്കിംഗ് ഇടപാടുകൾക്കുള്ള കമ്മീഷനും ലഭിക്കും. ആദ്യ ആറ് മാസത്തിന് ശേഷം കമ്മീഷൻ വഴി മാത്രമാകും വരുമാനം.

റീന കുമാരി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഹാൻഡിയ മണ്ഡലത്തിലെ നെവാഡ ഖെരുവ ഗ്രാമത്തിലാണ് റീന കുമാരി ജനിച്ചുവളർന്നത്. 2021 മുതലാണ് ഈ പേര് വാർത്തകളിൽ ഉൾപ്പെടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഗ്രാമത്തിലെ സ്‌ത്രീകളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റീന ബിസി സഖിയിൽ ചേർന്നത്. ജോലിയിൽ പ്രവേശിച്ച് ആദ്യ നാളുകളിൽ കനത്ത തിരിച്ചടിയാണ് റീനയ്‌ക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും അവർ തളർന്നില്ല. തന്റെ സമൂഹത്തിലുള്ള സ്‌ത്രീകൾക്ക് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുമെന്ന് അവൾ ദൃഢനിശ്ചയം ചെയ്തു.

വെല്ലുവിളികൾ

സ്‌ത്രീകൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടും നിക്ഷേപവും ഉണ്ടാക്കി അവർക്ക് ഉന്നമനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റീന ബിസി സഖി ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, അപ്രതീക്ഷിതമായ തിരിച്ചടികളാണ് അവർക്ക് നേരിടേണ്ടതായി വന്നത്. തുടക്കത്തിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്റെ പേരിൽ സംസാരിക്കുമ്പോൾ പല സ്‌ത്രീകളും സംശയത്തോടെയാണ് റീനയെ നോക്കിയത്. ഇതിന് പിന്നിൽ വല്ല തട്ടിപ്പുമാണോ എന്നുപോലും ഇവർ സംശയിച്ചു. പലരും നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നാൽ, കാര്യങ്ങൾ മാറിമറിയാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.

2

തിരിച്ചുവരവ്

ദിവസങ്ങൾ കൊണ്ടുതന്നെ ഗ്രാമത്തിലുള്ള നിരവധി സ്‌ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ റീനയ്‌ക്ക് സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2000 ബാങ്ക് അക്കൗണ്ടുകളാണ് റീന വഴി ആരംഭിച്ചത്. ഇവർക്ക് വേണ്ടിയുള്ള ബാങ്കിംഗ് സേവനങ്ങളെല്ലാം റീന ഒറ്റയ്‌ക്കാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. അതായത് ഒരു വലിയ ബാങ്കിലെ ജോലി ഒറ്റയ്‌ക്ക് ചെയ്യുന്നതുപോലെയാണിത്. റീനയുടെ പ്രവൃത്തി രാജ്യത്തെ വിവിധ ബാങ്കുകൾക്കുണ്ടാക്കിയ ലാഭം വളരെ വലുതാണ്.

മോദിയെപ്പോലും ആരാധകനാക്കി

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടന്ന 'ലാക്ക്‌പതി ദീദി' സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റീന കുമാരിയെ ആദരിച്ചു. റീനയുടെ പരിശ്രമത്തെ മോദി പ്രശംസിച്ചു. പ്രധാനമന്ത്രി നേരിൽ കണ്ട് ആശംസ അറിയിച്ച ഉത്തർപ്രദേശിലെ ഏക ബിസി സഖിയാണ് റീന.

ഇതൊന്നും കൂടാതെ, ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും റീനയെ പ്രശംസിച്ചിട്ടുണ്ട്. നിരവധി പുരസ്‌‌കാരങ്ങളാണ് ഇതിനോടകം അവരെ തേടിയെത്തിയത്. ഇന്ന് പലർക്കും ഒരു മാതൃകയാണ് റീന. ഒരു ബിസി സഖി എന്ന നിലയിൽ ഇന്നവർ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, അക്കൗണ്ട് ആരംഭിക്കൽ ഉൾപ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങൾ വീടുകളിലെത്തി ചെയ്‌ത് കൊടുക്കുന്നു. മാത്രമല്ല, വൈദ്യുതി ബിൽ അടയ്‌ക്കുക, വിള ഇൻഷ്വറൻസ് അപേക്ഷകൾ സമർപ്പിക്കുക തുടങ്ങിയ സഹായങ്ങളും അവർ സാധാരണക്കാർക്ക് ചെയ്‌ത് കൊടുക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MODI, BC SAKHI, BANK ACCOUNTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.