SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

തൃശൂരിൽ വൻ തീപിടിത്തം; ഫർണിച്ചർ കട പൂ‌ർണമായും കത്തിനശിച്ചു

Increase Font Size Decrease Font Size Print Page
fire

തൃശൂർ: തൃശൂരിൽ വൻ തീപിടിത്തം. തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. ഇന്നുപുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.

വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫർണിച്ചർ കട പൂ‌ർണമായി കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

അപകടസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ തീ പടർന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം പാപ്പനംകോട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ വൻതീപിടിത്തത്തിൽ ജീവനക്കാരിയും ഒരു പുരുഷനും വെന്തു മരിച്ചിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപടർന്നത്. സംഭവത്തിൽ പൊലീസ് ദുരൂഹത വ്യക്തമാക്കുന്നുണ്ട്. തീയിട്ടതാണോ എന്നും സംശയമുണ്ട്. മണ്ണെണ്ണ പോലുള്ള ദ്രാവകത്തിന്റെ അംശം ഓഫീസിൽ നിന്ന് കണ്ടെത്തിയിട്ടുരുന്നു. കൊലപാതക സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നു.

സ്ഥാപനത്തിലെ ജീവനക്കാരി പാപ്പനംകോട് ദിക്കുബലിക്കളം റോഡ് മഠത്തിൽകോവിലിന് സമീപം ശിവപ്രസാദം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്‌ണയുടെ (34) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവത്തിന് തൊട്ടുമുമ്പ് ഒരു പുരുഷൻ ഓഫീസിലേക്ക് കയറിപോകുന്നതായി സമീപത്തെ റോഡിലെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇയാൾ കയറിയതിന് പിന്നാലെയാണ് തീപടർന്നത്.

TAGS: THRISSUR, FIRE, FURNITURE SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY