മലപ്പുറം: വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ മരിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്കിൽ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50) ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മണികണ്ഠൻ കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ഇക്കാര്യം മരിക്കും മുൻപ് പൊലീസിനെ അറിയിക്കുകയും ചെയ്തു. മക്കൾ രണ്ടുപേരും അടുത്ത മുറിയിലായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നുപേരും മരണപ്പെടുകയായിരുന്നു. അനിരുദ്ധനും നന്ദനും ചികിത്സയിൽ തുടരുകയാണ്.
സാമ്പത്തിക ബാദ്ധ്യതയെത്തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പെട്രോൾ അടങ്ങിയ കുപ്പി കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |