കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ നിവിൻ പോളി ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരായ ആരോപണം പച്ചക്കള്ളമാണെന്നാണ് നടന്റെ വാദം. അതേസമയം, കേസ് അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും.
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോൺ വിളിക്കുകയോ വാട്സ് ആപ്പിൽ സന്ദേശം അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് നിവിൻ പോളി ഇന്നലെ വ്യക്തമാക്കിയിരുന്നു. മന:പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. പരാതി നൂറുശതമാനവുംഅടിസ്ഥാന രഹിതമാണ്. എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും നിവിൻ പറഞ്ഞിരുന്നു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിവിൻ പോളിയടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയായ നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി.
വിദേശ ജോലിക്ക് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ശ്രേയയെന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. നിർമ്മാതാവ് എ.കെ. സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ പ്രതികൾ. പീഡനം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകളാണ് ചുമത്തിയത്.
യൂറോപ്പിൽ ജോലിക്കായാണ് യുവതി ശ്രേയയെ സമീപിച്ചത്. കഴിഞ്ഞ നവംബറിൽ ദുബായിലേക്ക് കൊണ്ടുപോയി ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് മൊഴി. രണ്ട്ദിവസം മുമ്പാണ് യുവതി എസ് ഐ ടിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |