ഭീതി പരത്തിയ പാമ്പിനെ സഞ്ചിയിലാക്കി ഇറക്കിയത് മാർക്ക് സ്നേക്ക് റെസ്കു ടീം
കണ്ണൂർ: നഗരത്തിലെ ഹൗസിംഗ് കോളനിയിലെ മരത്തിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷം പിടികൂടി. കഴിഞ്ഞ നാലുദിവസമായി കക്കാട് പാലക്കാട് സ്വാമിമഠത്തിനടുത്ത് പുഴാതി ഹൗസിംഗ് കോളനിക്കാരെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെയാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്. വനംവകുപ്പിന്റെ ലൈസൻസുള്ള മാർക്കിലെ സ്‌നേക്ക് റസ്‌ക്യൂ അംഗങ്ങളായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കൽ എന്നിവരാണ് മരത്തിൽ കയറി പാമ്പിനെ പിടികൂടി താഴെയിറക്കിയത്. പിടികൂടിയ പാമ്പിനെ പ്രത്യേക സഞ്ചിയിലാക്കി കയറിൽ കെട്ടി താഴെ ഇറക്കുകയായിരുന്നു.
പിടികൂടിയ പെരുമ്പാമ്പിനെ സംഘം തളിപ്പറമ്പ് ഫോറസ്റ്റ് ഡിവിഷനിൽ ഏൽപ്പിച്ചു. വനംവകുപ്പ് ജീവനക്കാർ പിന്നീട് ഇതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടു.
പിടികൂടിയത് രണ്ടുമണിക്കൂർ പരിശ്രമിച്ച്
മുപ്പത് അടിയിലേറെ ഉയരമുള്ള വള്ളിപ്പടർപ്പുകളും പായലും നിറഞ്ഞ മരത്തിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച പാമ്പ് പിടിത്തം ഉച്ചയ്ക്ക് 12.30 ഓടെയാണ് പൂർത്തിയായത്. ചൊവ്വാഴ്ച രാത്രിയാണ് താമസക്കാർ പെരുമ്പാമ്പിനെ പിടികൂടണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ മാർക്ക് അംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടും മഴയും മൂലം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രഞ്ജിത്ത് നാരായണൻ, റിയാസ് മാങ്ങാട്ട്പറമ്പ്, ബിജിലേഷ് കോടിയേരി എന്നിവരും റസ്‌ക്യു സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |