സുരേഷ് ഗോപിയുടെയും രാധികയുടെയും രണ്ടാമത്തെ മകൻ മാധവ് സുരേഷ് നായകനായി ചുവടുവയ്ക്കുന്ന കുമ്മാട്ടിക്കളി. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ്. സുരേഷ്ഗോപിയുടെയും ഷാജി കൈലാസിന്റെയും സിനിമകൾ ഓണക്കാലത്ത് തിയേറ്ററുകളെ അടക്കി ഭരിച്ചിരുന്നു. ഇപ്പോൾ ഇവരുടെ മക്കളുടെ സിനിമകൾ ഓണം റിലീസായി സെപ്തംബർ 13ന് തിയേറ്ററിൽ എത്തുന്നു.നിറഞ്ഞ ആഹ്ളാദത്തിൽ റുഷിൻ ഷാജി കൈലാസ് സംസംസാരിക്കുന്നു.
24 വർഷം മുൻപ് ഓണക്കാലത്താണ് അച്ഛൻ സംവിധാനം ചെയ്ത വല്യേട്ടൻ എത്തിയത് ?
വല്യേട്ടൻ റിലീസ് ചെയ്യുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. അച്ഛന്റെ സിനിമയുമായി ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പിനെ താരതമ്യം ചെയ്യരുത്. ചെറിയ സിനിമയാണ്. ആദ്യമായാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാധവ് ചേട്ടന്റെയും ( മാധവ് സുരേഷ്) ആദ്യ സിനിമയാണ്. ഞങ്ങൾ രണ്ടുപേരുടെയും ആദ്യ സിനിമ ഓണത്തിന്.അതിൽ ഒരുപാട് സന്തോഷമുണ്ട് .വലിയ സിനിമകൾക്കൊപ്പം റിലീസ് ചെയ്യുന്നതിന്റെ ആകാംക്ഷ തീർച്ചയായുമുണ്ട്.കുമ്മാട്ടിക്കളി കാണാനും കാത്തിരിക്കുന്നു.
നായകനാകുന്നതിന് ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് തിരഞ്ഞെടുക്കാൻ കാരണം ?
ഞാൻ തിരഞ്ഞെടുത്തതല്ല. ഷെബി ചേട്ടൻ എന്നെ തിരഞ്ഞെടുത്തതാണ്. മറ്റൊരു സിനിമയാണ് പ്ളാൻ ചെയ്തത്. അതു തുടങ്ങാൻ താമസം വന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഒരു കഥയുണ്ടെന്നും അതിൽ ഒരു സംഭവം ചെയ്യാമെന്നുംഷെബി ചേട്ടൻ പറഞ്ഞു . അങ്ങനെ ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പിനെ തന്നു.
ക്യാമറയുടെ മുൻപിൽ നിൽക്കാനാണോ ഇഷ്ടം ?
ക്യാമറയുടെ മുൻപിൽ മാത്രമാണ് നിന്നത്. പിന്നിൽ നിൽക്കാനും ആഗ്രഹമുണ്ട്. അച്ഛൻ നിർമ്മിച്ച താക്കോൽ എന്ന സിനിമയിൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ അഭിനയിച്ചു. ഒരു അവധി കാലത്താണ് അഭിനയിച്ചത്. താക്കോലിനുശേഷം അഭിനയിച്ചില്ല.പഠനത്തിൽ മുഴുകി. ബംഗളൂരു എമ്മിറ്റി കോളേജിൽ ഡിഗ്രി മൂന്നാംവർഷം പഠിക്കുകയാണ്. കോളേജിൽനിന്ന്ഇരുപത് ദിവസത്തെ ബ്രേക്കുണ്ടായിരുന്നു. ആ സമയത്താണ് സുകുമാരക്കുറുപ്പ് . പ്രേക്ഷകരുടെ സ്വീകാര്യതയെ ആശ്രയിച്ചാണ് എല്ലാം.
അച്ഛന്റെയും അമ്മയുടെയും സിനിമകളിൽ ഏറ്റവും ഇഷ്ടം?
അച്ഛന്റെ ഫിലിം മേക്കിംഗ് രീതിയും മിക്ക സിനിമകളും ഇഷ്ടമാണ്. ഓരോ സിനിമയിലും വ്യത്യസ്തത ഉണ്ടെന്ന് തോന്നി. ആറാം തമ്പുരാൻ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. അമ്മ അഭിനയിച്ച അമ്മയാണെസത്യം, മഴയെത്തുംമുൻപെ എന്നീ സിനിമകളാണ് ഇഷ്ടം.
കടപ്പുറത്ത് കുമ്മാട്ടിക്കളി
സുരേഷ് ഗോപിയോടൊപ്പം ജെഎസ്കെ എന്ന ചിത്രത്തിലാണ് മാധവ് സുരേഷ് ആദ്യമായി അഭിനയിച്ചത്.എന്നാൽ തിയേറ്രറിൽ ആദ്യം എത്തുന്നത് കുമ്മാട്ടിക്കളിയും.തമിഴ് സംവിധായകൻ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും അവിടത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുക്കുന്നതാണ് ചിത്രം.ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി തുടങ്ങിയവരോടൊപ്പം തമിഴ്, കന്നട സിനിമകളിലെ താരങ്ങളും അണിനിരക്കുന്നു. തിരക്കഥ, സംഭാഷണം ആർ. കെ. വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്, ഛായാഗ്രഹണം വെങ്കിടേഷ്. വി, ഗാനങ്ങൾ സജു .എസ്, സംഗീതം ജാക്സൺ വിജയ് . സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |