അവശവിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന പെൻഷൻ തുക ചെറിയ സംഖ്യയാണെങ്കിലും അതു മുടങ്ങാതെ കിട്ടിയാൽ പലർക്കും വലിയ അനുഗ്രഹമാണ്. അതു കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുള്ള സംസ്ഥാനം കൂടിയാണ് ഈ സമ്പന്നതയ്ക്കിടയിലും നമ്മുടേത്. പെൻഷൻ മുടങ്ങുമ്പോൾ മരുന്ന് വാങ്ങൽ പോലും മാറ്റിവയ്‌ക്കുന്നവരും കുറവല്ല. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പരാധീനതകൾ കാരണം പലപ്പോഴും ക്ഷേമ പെൻഷനുകൾ മുടങ്ങാറുണ്ട്. ഒന്നര വർഷത്തോളം ക്ഷേമ പെൻഷൻ മുടങ്ങിയ ഒരു വിഭാഗമായിരുന്നു നിർമ്മാണ തൊഴിലാളികളുടേത്. ഈ വിവരം അടങ്ങിയ ഞങ്ങളുടെ ലേഖകൻ അരുൺ പ്രസന്നൻ എഴുതിയ റിപ്പോർട്ട് '3.24 ലക്ഷം പേർക്ക് പട്ടിണി ഓണം" എന്ന തലക്കെട്ടിൽ മുഖ്യവാർത്തയായി വ്യാഴാഴ്ചത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പ്രതിമാസം 1600 രൂപ പെൻഷൻ മുടങ്ങിയിട്ട് 13 മാസമായെന്നും ഈ ഓണക്കാലത്തെങ്കിലും കുടിശിക ലഭിച്ചിരുന്നെങ്കിൽ മൂന്നേകാൽ ലക്ഷം പേർക്ക് ആശ്വാസമാകുമായിരുന്നു എന്നുമാണ് വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
നിർമ്മാണ ക്ഷേമനിധി ബോർഡിൽ ഇരുപത് ലക്ഷത്തിൽപ്പരം അംഗങ്ങളുണ്ട്. ഇവരിൽ പെൻഷൻ വാങ്ങുന്ന 3,24,580 പേരുണ്ട്. ഇവരിൽ ഓരോരുത്തർക്കും കുടിശികയായി 20,800 രൂപയാണ് ലഭിക്കേണ്ടത്. ഇതിനൊപ്പം അംഗങ്ങൾക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉൾപ്പെടെ കുടിശികയാണ്.
എറണാകുളം സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ലേഖകൻ വാർത്ത തയാറാക്കുകയായിരുന്നു. പുതിയ വീട് വയ്‌ക്കുന്നവരിൽ നിന്ന് എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം തദ്ദേശസ്ഥാപനങ്ങൾ സെസായി ഈടാക്കുന്നുണ്ട്. ഓരോ മാസവും കോടികൾ ആ വകയിൽ വരുമാനമുണ്ടെങ്കിലും ഈ തുക യഥാസമയം ബോർഡിന് കിട്ടുന്നില്ല എന്ന കാരണത്താലാണ് പെൻഷൻ മുടക്കുന്നത്. പലപ്പോഴും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി തുക വകമാറ്റി ചെലവഴിക്കുന്നതാണ് യഥാർത്ഥ കാരണം. ക്ഷേമനിധി രൂപീകരിച്ചതുതന്നെ അംഗങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അത് നിറവേറ്റാൻ കഴിയാതെ വരുന്നത് ന്യായീകരിക്കാനാവുന്നതല്ല. ബോർഡിലെ ഇരുപത് ലക്ഷത്തോളം അംഗങ്ങളിൽ നിന്ന് മാസം തോറും 50 രൂപ അംശാദായവും ഈടാക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പെൻഷൻ മുടങ്ങുന്നതിന് ഇടയാക്കുന്നതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. എന്തായാലും ഈ വാർത്ത പുറത്തുവന്ന ഉടനെ സർക്കാരിന്റെ ഭാഗത്തുനിന്നും ചടുലമായ ഇടപെടലാണ് ഉണ്ടായത്. നിർമ്മാണ തൊഴിലാളികൾക്ക് ഒരു മാസത്തെ കുടിശിക ഓണത്തിന് മുമ്പ് നൽകാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനമെടുത്തു. ആറുമാസത്തിനകം മുഴുവൻ കുടിശികയും തീർക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തു. സമീപകാലത്ത് പെൻഷന് അർഹരായവർ ഉൾപ്പെടെ 3.80 ലക്ഷം പേർക്ക് ഈ തീരുമാനം ഗുണകരമാകും.
1,600 രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ ഒരു മാസത്തെ കുടിശിക തീർക്കാനുള്ള 62 കോടി രൂപ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കെട്ടിട നിർമ്മാണ സെസ് അതിവേഗത്തിൽ പിരിച്ചെടുക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച തൊഴിൽ മന്ത്രിയും തദ്ദേശ മന്ത്രിയും തമ്മിൽ ചർച്ച നടത്താനും തീരുമാനമായി. പഴയ രീതിയിൽ നോട്ടീസയച്ച് സെസ് പിരിക്കുന്നതിനാലാണ് കാലതാമസം വരുന്നത്. ഇതിന് പകരം സെസ് പിരിക്കാനായി സോഫ്ട്‌വെയർ പ്രവർത്തനം സജ്ജമായിട്ടുണ്ട്. ഇത് പൂർണമായി നടപ്പിൽ വരുന്നതോടെ പ്രതിമാസം ഏതാണ്ട് 80 കോടിയോളം രൂപ ബോർഡിലേക്കെത്തും. 2024 ജനുവരി വരെയുള്ള സെസ് കുടിശിക 400 കോടിയോളമുണ്ട്. ഇത് പിരിച്ചെടുത്താൽ തന്നെ ഇതുവരെയുള്ള പെൻഷൻ കുടിശിക നൽകാനാകും. ഇത് മുടങ്ങാതെ നൽകാനാണ് തൊഴിൽ വകുപ്പ് ക്രമീകരണങ്ങൾ നടത്തേണ്ടത്. കുടിശിക കോടികളാവുന്നത് ബോർഡിന്റെ പ്രവർത്തനത്തെ തന്നെ തകിടം മറിക്കാൻ ഇടയാകും. കൃത്യമായി സെസ് പിരിക്കാനുള്ള സംവിധാനം നിലവിൽ കൊണ്ടുവരാനാണ് തൊഴിൽ വകുപ്പ് ശ്രദ്ധിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |