തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ പെൻഷൻ ബാദ്ധ്യത നേരിട്ട് വഹിക്കണമെന്നും ,സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും, പെൻഷൻ മാസ്റ്റർ ട്രസ്റ്റ് വിപുലീകരിച്ച് സജീവമാക്കണമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.ഇതോടെ പെൻഷൻമാസ്റ്റർ ട്രസ്റ്റിന് പണം കണ്ടെത്താൻ താരിഫ് വർദ്ധനയെ ആശ്രയിക്കേണ്ടി വരും.വരാനിരിക്കുന്ന താരിഫ് പരിഷ്ക്കരണത്തിൽ ഇതുകൂടി ഉൾപ്പെടുത്തേണ്ടിവന്നാൽ ജനങ്ങൾക്ക് വൻ ബാദ്ധ്യതയാകും.
കെ എസ് ഇ ബി ത്രികക്ഷി കരാർ പ്രകാരം ഫണ്ട് ലഭ്യമാക്കി പെൻഷൻ ബാധ്യത നിർവ്വഹിക്കാൻ രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റ് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ സമർപ്പിച്ച ഹർജിയിലെ ഹൈക്കോടതി വിധിപ്രകാരമാണ് സർക്കാർ ഉത്തരവ്.കമ്പനിയാകുന്ന സമയത്തുള്ള പെൻഷൻ ബാധ്യതയിൽ നിന്നും അധികമായി പിന്നീട് നിർണ്ണയിച്ചിട്ടുള്ള തുകയ്ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി നിലനിറുത്തില്ലെന്നും, ഈ ബാധ്യത 2015ൽ ഭേദഗതി ചെയ്ത കൈമാറ്റപദ്ധതി പ്രകാരം കെ.എസ്.ഇ.ബി.വാർഷികവിഹിതം മാസ്റ്റർ ട്രസ്റ്റിന് നൽകിയാണ് നിർവ്വഹിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.മാസ്റ്റർ ട്രസ്റ്റിലേക്ക് നൽകാത്ത ഫണ്ടിന് 24% കെ.എസ്.ഇ.ബി പിഴപ്പലിശ ഒടുക്കണം.റെഗുലേറ്ററി കമ്മീഷൻ താരിഫിൽ അനുവദിച്ചിട്ടുള്ള മുഴുവൻ തുകയും മാസ്റ്റർട്രസ്റ്റിന് കൈമാറി ട്രസ്റ്റ് പ്രവർത്തനസജ്ജമാക്കുന്നതിനു നിയമാവലിക്കു പുറമെ ഫലപ്രദമായ നടപടിക്രമങ്ങൾ തയ്യാറാക്കണം. സർക്കാരിലെ ധന,നിയമ,വകുപ്പുകളുടെയും പെൻഷകാരുടെ സംഘടനകളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തി മാസ്റ്റർട്രസ്റ്റ് വിപുലീകരിച്ച് കെ.എസ്.ഇ.ബി.യിൽ നിന്നും വേറിട്ട സ്വതന്ത്ര ഭരണസംവിധാനമായി നിലനിർത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
മാസ്റ്റർ ട്രസ്റ്റ്
2013ൽ കെ.എസ്.ഇ.ബി കമ്പനിയാക്കിയ ശേഷമുള്ളവർക്ക് പങ്കാളിത്ത പെൻഷനാണ്. അതിനുമുമ്പുള്ളവർക്കാണ് നിയമാനുസൃത പെൻഷനുള്ളത്.ഈവിഭാഗത്തിൽ 24,000പേരുൾപ്പെടെ 40,000പേരാണ് ബോർഡിൽ മൊത്തം പെൻഷൻ വാങ്ങുന്നവർ. നിലവിൽ 33,000ജീവനക്കാരുണ്ട്. ബോർഡ് കമ്പനിയാക്കിപ്പോൾ പെൻഷൻ ബാധ്യത തരണം ചെയ്യാൻ സർക്കാർ ഗ്യാരന്റിയിൽ ബോണ്ടിറക്കി മാസ്റ്റർട്രസ്റ്റ് എന്ന ഫണ്ട് രൂപവത്കരിക്കാനായിരുന്നു തീരുമാനം.എന്നാൽ ഇതുവരെ അത് യാഥാർഥ്യമായില്ല. നിലവിൽ താരിഫ് പെറ്റീഷൻ വഴിയാണ് പെൻഷനുള്ള തുക കണ്ടെത്തുന്നത്.
"ഉത്തരവ് സ്വാഗതാർഹം, കെ എസ് ഇ ബി പെൻഷൻ സുരക്ഷക്കായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തിവരുന്ന നിയമ സമരപോരാട്ടങ്ങളുടെ നിർണ്ണായക വിജയമാണ് ."
-കെ എസ് ഇ ബി
പെൻഷനേഴ്സ് കൂട്ടായ്മ
വിലക്കയറ്റത്തിനെതിരായ
ഇടപെടൽ വിജയം: മന്ത്രി അനിൽ
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരന്ത മേഖലയിലെ കുടുംബങ്ങൾക്കുമുള്ള സൗജന്യ ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷൻ കടകളിലൂടെ സാധനം വിതരണം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിച്ച ചമ്പാവരി വിതരണം ചെയ്യുന്നത്. എ.എ.വൈ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ 50 ശതമാനവും ചമ്പാവരി നൽകും. 55 ലക്ഷം നീല, വെള്ള കാർഡുടമകൾക്ക് 10 കിലോ അരി അധികം നൽകും.
ഓണക്കിറ്റിന് 34.29 കോടിയാണ് സർക്കാർ മാറ്റിവച്ചത്. സപ്ലൈകോയിലെ വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശഭരണ പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
10 കിലോ അരി
അധികമായി
നൽകും: മന്ത്രി
തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകളിലായി 52 ലക്ഷം കുടുംബങ്ങൾക്ക് ഓണം പ്രമാണിച്ച് 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ. വിപണിയിൽ 55- 60 രൂപ വിലയുള്ള ചമ്പാവരിയാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. ബി.പി.എൽ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ അമ്പത് ശതമാനം ചമ്പാവരി നൽകാൻ നിർദ്ദേശം നൽകി. സ്കൂൾ കുട്ടികൾക്ക് ഓണത്തിന് നൽകുന്ന അഞ്ചുകിലോ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |