തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ശബരിമലയിൽ അമിതാധികാര പ്രയോഗം നടത്തിയെന്നും ആചാരപരമായ കാര്യങ്ങളിൽ പോലും ഇടപെട്ടെന്നും സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ശബരിമലയിലും പമ്പയിലും എ.ഡി.ജി.പി പ്രത്യേക താത്പര്യമെടുത്ത് ലെയ്സൺ ഓഫീസർമാരെ നിയോഗിച്ചു. മണ്ഡലകാലത്ത് പത്തും മാസപൂജക്കാലത്ത് നാലും വീതം ലെയ്സൺ ഓഫീസർമാരെയാണ്, തന്റെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും അന്യസംസ്ഥാനങ്ങളിലെ ഉന്നതർക്കും ദർശന സൗകര്യമൊരുക്കാൻ നിയോഗിച്ചത്. എ.എസ്.ഐ റാങ്കിൽ വരെയുള്ളവരായിരുന്നു ഇത്. മുൻകാലങ്ങളിൽ പൊലീസിന് ഒരു ലെയ്സൺ ഓഫീസറാണുണ്ടായിരുന്നത്.
എ.ഡി.ജി.പി കൂടിയാലോചനകളില്ലാതെ സ്വന്തം നിലയിൽ തീരുമാനങ്ങളെടുത്ത് ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കടന്നുകയറിയെന്ന് മുഖ്യമന്ത്രിയെ കണ്ട് ബോർഡ് നേതൃത്വം പരാതി പറഞ്ഞിരുന്നു. എന്നിട്ടും അജിത്തിനെ നിയന്ത്രിച്ചില്ല. പമ്പയിൽ ബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കൊരുക്കിയ പാർക്കിംഗ് സ്ഥലം എ.ഡി.ജി.പി സ്വന്തം നിയന്ത്രണത്തിലാക്കി. സന്നിധാനത്തെ ഗസ്റ്റ്ഹൗസിലെ മുറിയും സ്വന്തമാക്കി. യോഗങ്ങളിൽ ദേവസ്വംബോർഡ് പ്രസിഡന്റിനോട് മോശമായ രീതിയിൽ പെരുമാറി. പാർക്കിംഗ്, യാത്രാ സൗകര്യങ്ങൾ കുളമാക്കിയതോടെ നിരവധി ഭക്തന്മാർ എരുമേലിയിലും മറ്റും യാത്ര അവസാനിപ്പിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ഡിസംബറിൽ ശബരിമല അവലോകന യോഗത്തിൽ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും അജിത്തുമായി വാഗ്വാദമുണ്ടായിരുന്നു. ഒരുമിനിറ്റിൽ 75പേരെ വരെ പതിനെട്ടാംപടി കയറ്റാമെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ, കള്ളം പറയുകയാണെന്ന് അജിത്ത് പ്രതികരിച്ചു. മിനിറ്രിൽ 60പേരെയേ പതിനെട്ടാംപടി കയറ്റിവിടാനാവൂ എന്നായിരുന്നു അജിത്തിന്റെ വാദം. തർക്കം മുറുകിയതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തിരക്കു കാരണം പലയിടത്തും തീർത്ഥാടകർ തളർന്നു വീണു. നൂറുകണക്കിന് പേർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തി മാലയൂരി ദർശനം മതിയാക്കി തിരിച്ചുപോയി.
2022ഡിസംബറിൽ 3മന്ത്രിമാരുടെ അവലോകന യോഗത്തിലും അന്ന് പ്രസിഡന്റായിരുന്ന കെ.അനന്തഗോപനെതിരേ എ.ഡി.ജി.പി രംഗത്തെത്തിയിരുന്നു. സന്നിധാനത്തെ തിരക്ക് പൊലീസിന്റെ ക്രമീകരണങ്ങളിലെ വീഴ്ചയാണെന്ന് പ്രസിഡന്റ് പറഞ്ഞപ്പോൾ, പടികയറ്റുന്നതിന്റെ ചുമതല ബോർഡ് ഏറ്റെടുക്കാനായിരുന്നു അജിത്തിന്റെ പരിഹാസം.
എ.ഡി.ജി.പിക്കെതിരേ ബോർഡ് നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചിട്ടും നിയന്ത്രിക്കുകയോ വിലക്കുകയോ ചെയ്തില്ല. 2023മുതൽ ചീഫ് കോ-ഓർഡിനേറ്റർ പദവിയിലാണ് അജിത്ത്. എ.ഡി.ജി.പിയുടെ അമിതാധികാര പ്രയോഗത്തെക്കുറിച്ചുള്ള സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിന്റെ വിവരങ്ങൾ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |