തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസിനെ പ്രകീർത്തിച്ചുള്ള പരാമർശം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും സി പി ഐ ആവശ്യപ്പെട്ടു. അജിത് കുമാർ എന്തിന് ഊഴം വച്ച് ആർ എസ് എസ് നേതാക്കളെ കണ്ടെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
എം ആർ അജിത്‌കുമാർ ആർ എസ് എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കർ ഇന്നലെ പറഞ്ഞിരുന്നു. ആർ എസ് എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് എ ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സ്പീക്കറുടെ അഭിപ്രായത്തെ പരോക്ഷമായി വിമർശിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. ആർ എസ്. എസിനെ നിരോധിച്ച കാലം ഓർമ്മ വേണമെന്നാണ് ഇന്നലെ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ആർ എസ് എസ് ഉന്നത നേതാവ് റാം മാധവുമായി അജിത്‌കുമാർ കോവളത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുവിനെ കൂടെക്കൊണ്ടുപോയതായി ആരോപണമുയർന്നിരുന്നു. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാവാതെ സർക്കാർ സമ്മർദ്ദത്തിലായതിനു കാരണം ഇതാണെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |