തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികൾ പാരിസ്ഥിതിക പ്രശ്നം പറഞ്ഞ് തടസപ്പെടുത്തുമ്പോൾ പുറത്തു നിന്ന് വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുകയേ നിവൃത്തിയുള്ളൂ. അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതെ മറ്റെന്തു ചെയ്യാനാകുമെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
വേണ്ടതിന്റെ 30ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. പെട്രോളിനും വളങ്ങൾക്കും വില കൂട്ടി. ആരും അത് ചർച്ചചെയ്യുന്നില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം 12,983 കോടിക്ക് പുറത്തു നിന്ന് വാങ്ങി. ഇക്കൊല്ലം 15000 കോടിയിലെത്തും. അനാവശ്യ തടസവാദങ്ങളും എതിർപ്പുകളും ഒഴിവാക്കിയാൽ വിവിധ പദ്ധതികളിലൂടെ പ്രതിസന്ധി മറികടക്കാനാകും. ഓരോന്നും നടപ്പാക്കാനിറങ്ങുമ്പോൾ ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. കുരിയാർകുട്ടിയിൽ ജനറേറ്റർ ഉൾപ്പെടെ എത്തിച്ചപ്പോൾ വന്യമൃഗങ്ങൾക്ക് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്. അതിരപ്പിള്ളി എല്ലാവരുമായി ചർച്ചചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയിയിൽ ജീവനക്കാർ അധികമാണെന്നും ശമ്പളം നൽകാനാണ് നിരക്ക് വർദ്ധനയുമെന്നത് വാസ്തവമല്ലെന്ന് ചെയർമാൻ ബിജുപ്രഭാകർ പറഞ്ഞു. റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച 33,201 തസ്തികളിൽ നിലവിൽ 26899 പേർ മാത്രമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |