തിരുവനന്തപുരം: ഓണത്തിനു മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒറ്റത്തവണയായി മുഴുവൻ ശമ്പളവും നൽകുമെന്ന വാക്ക് മാനേജ്മെന്റ് പാലിച്ചു. ഒന്നര കൊല്ലത്തിനുശേഷമാണിത്. ഓവർഡ്രാഫ്ടായി എടുത്ത 50 കോടിയും ഇന്ധനകമ്പനികൾക്ക് നൽകാതെ കരുതിവച്ച തുകയും ചേർത്ത് ശമ്പളം നൽകി. വേണ്ടിവന്നത് 74.8 കോടി രൂപ.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി മുതൽ ശമ്പളം രണ്ടു ഗഡുക്കളായാണ് നൽകിയിരുന്നത്. അതിൽതന്നെ പലപ്പോഴും വീഴ്ചയുമുണ്ടായി. കെ.ബി.ഗണേശ്‌കുമാർ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ഒറ്റത്തവണയായി നൽകാനുള്ള ശ്രമം തുടങ്ങിയത്. അതിനായി നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടപ്പോഴാണ് വാക്കുപാലിക്കാൻ
ഇന്ധനകമ്പനികൾക്ക് നൽകേണ്ട പണവും ഉപയോഗിക്കേണ്ടി വന്നത്.
ശമ്പളം മുടങ്ങിയാൽ പണിമുടക്ക് ഉൾപ്പെടെ നടത്താൻ തൊഴിലാളി സംഘടനകൾ തയ്യാറെടുത്തിരുന്നു. അതേസമയം, അടുത്തമാസം ഒറ്റത്തവണയായി ശമ്പളം നൽകാനാവുമോ എന്നകാര്യത്തിൽ ഉറപ്പായിട്ടില്ല.
ആദ്യം നോക്കിയ
മൂന്നു വഴികൾ
എസ്.ബി.ഐ നേതൃത്വം നൽകുന്ന ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 450 കോടികൂടി കടമെടുത്ത് പൂർണ ശമ്പള വിതരണത്തിന് സ്ഥിരം സംവിധാനമൊരുക്കാനുള്ള നീക്കം നടന്നില്ല
കേരള ബാങ്ക് 100 കോടി വായ്പ നൽകാമെന്ന് സമ്മതിച്ചെങ്കിലും വ്യവസ്ഥകളിൽ തട്ടി ലഭിച്ചില്ല
അധിക ധനസഹായത്തിനായി സർക്കാരിനോട് അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചത് പെൻഷനുള്ള തുക മാത്രം. ഇതെല്ലാം പരാജയപ്പെട്ടപ്പോഴാണ് പകരം സംവിധാനമൊരുക്കിയത്
ബോണസ് നൽകാൻ
സർക്കാർ കനിയണം
ഓണത്തിനുമുമ്പ് ബോണസും ഉത്സവബത്തയും നൽകാനുള്ള വഴി ഇതുവരെ തെളിഞ്ഞിട്ടില്ല. 28.25 കോടിയാണ് വേണ്ടത്. ഇതിനായി ധനവകുപ്പിന് കത്ത് നൽകി. നിരസിക്കില്ലെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |