തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് വീണ്ടും വിജയ വഴിയിൽ. തുടർച്ചയായ പരാജയങ്ങളിൽ വലയുകയായിരുന്ന ആലപ്പി റിപ്പിൾസ് ഇന്നലെ നടന്ന മത്സരത്തിൽ തിരുവനന്തപുരം റോയൽസിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് സീസണിലെ മൂന്നാം ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്യ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. 126 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടിക്കിറങ്ങിയ റോയൽസിനെ 16.5 ഓവറിൽ 73 റൺസിന് ഓൾഔട്ടാക്കി അലപ്പി ഗംഭീര ജയം സ്വന്തമാക്കുകയായിരുന്നു. തകർപ്പൻ ബൗളിംഗുമായി കളം നിറഞ്ഞ അക്ഷയ് ചന്ദ്രനാണ് ആലപ്പുഴയുടെ വിജയ ശില്പി.
4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പടെ 9 റൺസ് വിട്ടുനൽകി അക്ഷയ് 4 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിന് ക്യാപ്ടൻ മുഹമ്മദ് അസ്‌ഹറുദ്ദീനും വൈസ് ക്യാപ്ടൻ കൃഷ്‌ണ പ്രസാദും മികച്ച തുടക്കം നൽകി. ഇരുവരുംഒന്നാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 7ാമത്തെ ഓവറിൽ അസ്‌ഹറുദ്ദീനെ (23 പന്തിൽ 34) ഗോവിന്ദ് പൈയുടെ കൈയിൽ ഒതുക്കി അഖിൽ എംഎസാണ് കൂട്ടുകെട്ട് പൊളിച്ചത്. കൃഷ്ണപ്രസാദ് 40 പന്തിൽ 37 റൺസെടുത്തു. 15 പന്തിൽ 22 റൺസെടുത്ത അതുൽ ഡയമണ്ട് ശൗരിയും ആലപ്പിയ്ക്കായി തിളങ്ങി.
റോയൽസിന്റെ തുടക്കമേ തകർച്ചയോടെയായിരുന്നു. രണ്ടാമത്തെ ഓവറിൽ ഓപ്പണർ സുബിൻ എസും ( 11) 3-ാമത്തെ ഓവറിൽ അമീർഷാ എസ് എനും (7 ) നാലാം ഓവറിൽ ഗോവിന്ദ് പൈയും (3 ) പുറത്തായി. സുബിന്റെയും ഗോവിന്ദ് പൈയുടെയും വിക്കറ്റ് അഫ്റാദ് റിഷഭ് നേടിയപ്പോൾ ഫൈസ് ഫാനൂസാണ് സുബിനെ പുറത്താക്കിയത്. തുടർന്ന് അക്ഷയ് ആകർഷ് എ കെ, അബ്ദുൾ ബാസിത്, അഖിൽ എം എസ് , ഹരികൃഷ്ണൻ കെ എൻ എന്നിവരെ പുറത്താക്കി ആലപ്പുഴയുടെ ജയമുറപ്പിച്ചു. അഫ്റാദ് റിഷഭും ഫൈസ് ഫാനൂസും 2 വിക്കറ്റെടുത്തു. അക്ഷയ് ചന്ദ്രനാണ് കളിയിലെ താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |